സിപിഐയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം; തിരുവഞ്ചൂരിനെ തള്ളി ഹസന്‍; 'കാനം സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നു'

സിപിഐയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തള്ളി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ രംഗത്തെത്തി. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐഎമ്മുമായി ഇടഞ്ഞ സിപിഐ പരസ്യ പ്രതികരണം നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐഎമ്മും സിപിഐയ്ക്ക് മറുപടി നല്‍കിയതോടെ ഇടതുമുന്നണി സംവിധാനത്തിനും സര്‍ക്കാരിനും കോട്ടം തട്ടിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഐയ്ക്ക് കോണ്‍ഗ്രസിലേക്കുള്ള ക്ഷണം ലഭിച്ചത്.

എന്നാല്‍ ഇത് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം പോവില്ലെന്ന് കാനം രാജേന്ദ്രന്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാനത്തിന്റെ ഈ മറുപടിയാണ് ഹസനെ ചൊടിപ്പിച്ചത്.

സി.പി.ഐയെ ആരും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എം.എം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനായി പുറകെ നടക്കുന്നില്ല. സി.പി.എമ്മിന്റെ ആട്ടും തുപ്പും ഏറ്റ് കിടക്കുകയാണ് സി.പി.ഐ എന്നും ഹസന്‍ പരിഹസിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി ചേര്‍ന്ന് വിശാല വേദി രൂപീകരിക്കണമെന്ന് കരട് പ്രമേയം സി.പി.ഐയുടെ ദേശീയ നിര്‍വാഹക സമിതി ഡല്‍ഹിയിലിരുന്ന് അംഗീകരിച്ചത് തലക്ക് സ്ഥിരതയുള്ള നേതാക്കളാണെന്നാണ് വിശ്വാസം. എന്നാല്‍ കാനം രാജേന്ദ്രന്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുകയാണെന്നും ഹസന്‍ പറഞ്ഞു.