ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; ഭൂമി ഇടപാടിന് കോടികളുടെ കോഴ ആവശ്യപ്പെട്ടു; ' പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മദ്യം ഉള്‍പ്പെടെ നല്‍കാന്‍ വന്‍ ചെലവ്'

കോഴിക്കോട് സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവന്‍ കോഴിക്കോട് നഗരത്തില്‍ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് കോടികളുടെ കോഴ ആവശ്യപ്പെടുന്നത് ഒളിക്യാമറയില്‍ കുടുങ്ങി. സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ ആരംഭിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കണ്‍സല്‍ട്ടന്‍സി ചമഞ്ഞെത്തിയ ടിവി9ന്റെ ചാനല്‍ സംഘത്തിനോടാണ് എംപി കോഴ ആവശ്യപ്പെട്ടത്.

നഗരത്തില്‍ ഹോട്ടല്‍ ബിസിനസിനായി 15 ഏക്കര്‍ ഭൂമി കോഴിക്കോട് വാങ്ങാന്‍ ഇടനിലക്കാരനാകാനാണ് എം കെ രാഘവനോട് ചാനല്‍ സംഘം ആവശ്യപ്പെട്ടത്. പ്രതിഫലമായി രാഘവന്‍ 5 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഇലക്ഷന് 20 കോടി രൂപ പ്രവര്‍ത്തകര്‍ക്ക് മദ്യം നല്‍കിയതടക്കമുള്ള വകയില്‍ ചെലവായതായും രാഘവന്‍ പറയുന്നതായി ചാനല്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു.

ചാനലിന്റെ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നീ പ്രത്യേക റിപ്പോര്‍ട്ടര്‍മാരാണ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ എംപിയെ സമീപിച്ചത്. ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. ഞങ്ങള്‍ക്ക് ഒരുപാട് ഇടപാടുകാരുണ്ട്. അതില്‍ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താത്പര്യമുണ്ട്. നിങ്ങള്‍ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. 10 മുതല്‍ 15 ഏക്കര്‍ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്” റിപ്പോട്ടര്‍മാരില്‍ ഒരാള്‍ എം.പിയോട് പറയുന്നുണ്ട്.

തന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തിരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എം.പി പറയുന്നുണ്ട്. കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാനാണെന്നും എം.പി സൂചിപ്പിക്കുന്നു. എത്ര ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍ അത് സ്ഥലങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവന്‍ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫിനെ വന്‍ പ്രതിരോധത്തിലാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കിലും കോഴിക്കോട് പുതിയ കോഴ വിവാദം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തലുകള്‍.