തീവ്രവാദികളുടെ വോട്ട് വാങ്ങുന്നതിലും ഭേദം മുസ്ലിം ലീഗ് പിരിച്ചു വിടുന്നതാണ്; എസ്.ഡി.പി.ഐ ബന്ധം തള്ളി എം. കെ മുനീര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ സഹായം വേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. പൊന്നാനി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത് ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് മുനീറിന്റെ പ്രതികരണം. മുസ്ലിം ലീഗിന് തീവ്രവാദികളുടെ വോട്ട് വേണ്ട. എസ്ഡിപിഐയുടെ സഹായത്തില്‍ ജയിക്കുന്നതിലും ഭേദം മുസ്ലിം ലീഗ് പിരിച്ചു വിടുന്നതാണ്. മുനീര്‍ പറഞ്ഞു.

കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു മുസ്ലിം ലീഗ് നേതാക്കളും എസ്ഡിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ പ്രതിനിധീകരിച്ചെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു.
അഭിഭാഷകനായ കെ.സി.നസീറാണ് പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാവ് എംഎന്‍ കുഞ്ഞഹമ്മദാജി കഴിഞ്ഞ ദിവസം പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയത് യുഡിഎഫിനുള്ളില്‍ വിവാദത്തിനിടയാക്കിയിരുന്നു.