'സര്‍, കുറവുണ്ട്'; വാവ സുരേഷുമായി ഫോണില്‍ സംസാരിച്ചെന്ന് മന്ത്രി വി.എന്‍ വാസവന്‍

വാവ സുരേഷുമായി ഫോണില്‍ സംസാരിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍. സുരേഷ് തന്നെ സാര്‍, എന്ന് വിളിച്ചെന്നും കുറവുണ്ടെന്ന് പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷ നല്‍കുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ഡോക്റ്റര്‍മാര്‍ പ്രതികരിച്ചതായും മന്ത്രി പറഞ്ഞു.

‘മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ഡോക്റ്റര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സുരേഷ് വിളിച്ചാല്‍ വിളി കേള്‍ക്കുന്നുണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് സുരേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്.’

‘അദ്ദേഹത്തിന്റെ കൂട്ടിരിപ്പുകാരനായുള്ള ആളെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തോട് ബന്ധപ്പെട്ട ആളുകളുടെ അനുവാദം വാങ്ങി സുരേഷിനെ ഐസിയുവില്‍ കയറി കാണാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ശരിയാണ് സര്‍ സുരേഷ് സംസാരിക്കുന്നുണ്ട്.’

‘അദ്ദേഹം മിനിസ്റ്റര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ നീട്ടിയപ്പോള്‍ തന്നെ സര്‍, എന്ന് സുരേഷ് വിളിച്ചു. അതുകേട്ടതും വളരെ സന്തോഷം തോന്നി. പിന്നെ അദ്ദേഹം പറഞ്ഞു കുറവുണ്ട്. അതു കേള്‍ക്കാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിച്ചതെന്നും മന്ത്രി പറഞ്ഞു.