ചൂര്‍ണിക്കരയില്‍ ഭൂമി നികത്തലിനായി വ്യാജ ഉത്തരവ്; വിജിലന്‍സ് അന്വേഷണം നടത്തുമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കണ്ടുവെന്ന് റവന്യുമന്ത്രി

കൊച്ചിയിലെ ചൂര്‍ണിക്കരയില്‍ ഭൂമി നികത്താനായി റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചെന്നും അദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല. വ്യാജ രേഖ ഉണ്ടാക്കാനായി ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വകുപ്പുതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

Read more

എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു വി ജോസ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.