തെറ്റായ കാര്യങ്ങള്‍ അനുവദിക്കില്ല; അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയതിൽ താക്കീതുമായി മന്ത്രി എ.കെ ശശീന്ദ്രന്‍

മരംമുറി അന്വേഷണസംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീതുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. തെറ്റായ കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ മാറ്റത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.. വനംവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം നല്ലവരെന്ന് പറയുന്നില്ല.

മരംമുറി ഉത്തരവിലെ പാകപ്പിഴ കലക്ടര്‍മാരുള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും വനംമന്ത്രി പറഞ്ഞു‍. ഒക്ടോബര്‍ 24നുശേഷം പട്ടയഭൂമികളില്‍ പലതും നടന്നതായി കലക്ടര്‍മാര്‍ അറിയിച്ചു. ഉത്തരവിന്റെ അന്തസത്ത പാലിച്ചായിരുന്നില്ല നടപടികൾ. പല ഉദ്യോഗസ്ഥരും അവരവരുടെ സൗകര്യത്തിനനുസരിച്ച് ഉത്തരവ് വ്യാഖ്യാനിച്ചു. സര്‍ക്കാരോ ഉദ്യോഗസ്ഥരോ ഇത്തരം രീതിയില്‍ മരംവെട്ടുമെന്ന് അറിഞ്ഞിട്ടുണ്ടാവില്ലെന്നും മന്ത്രി  പറഞ്ഞു.

അതേസമയം, മരം മുറി വിവാദത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ പരാമർശങ്ങളിൽ സിപിഐ അതൃപ്തി രേഖപ്പെടുത്തി. ശശീന്ദ്രന്‍റെ പരാമർശങ്ങൾ മുൻ വകുപ്പ് മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വ്യാഖ്യാനിക്കാൻ ഇടയാക്കുന്നുവെന്ന് സിപിഐ. തന്‍റെ കാലത്തല്ല മരം മുറി നടന്നതെന്ന് ആവർത്തിക്കുന്നത് തെറ്റായ സൂചന നൽകുന്നു. പിന്നെ എന്തിനാണ് തന്നെ വേട്ടയാടുന്നതെന്നും ശശീന്ദ്രൻ ചോദിച്ചിരുന്നു. ഇതാണ് സിപിഐയുടെ അതൃപ്തിക്ക് കാരണം.

Read more

തന്‍റെ കാലത്ത് നടക്കാത്ത സംഭവത്തിൽ എന്തിനാണ് തന്നെ വേട്ടയാടുന്നതെന്ന് ശശീന്ദ്രൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ശശീന്ദ്രന്‍റെ പ്രതികരണം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സിപിഐ ആയിരുന്നു വനം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.