ഫോണ്‍ വിളിക്കുന്നതിന് മുമ്പ് സ്ത്രീപീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു; ഏതൊരു പാര്‍ട്ടിക്കാരനും ചെയ്യുന്നതാണ് താനും ചെയ്തതെന്ന് എ. കെ ശശീന്ദ്രന്‍

സ്ത്രീപീഡന  പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടതായി വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നതില്‍ പ്രതികരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. അത് തന്റെ ഫോണ്‍ സംഭാഷണം തന്നെയാണെന്നു സമ്മതിച്ച മന്ത്രി ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞു. വിഷയത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും എന്റെ പാര്‍ട്ടിക്കാരനാണ്. ഏതൊരു പാര്‍ട്ടിക്കാരനും ചെയ്യുന്നതാണ് താന്‍ ചെയ്തതെന്നും മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘വിഷയത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും എന്റെ പാര്‍ട്ടിക്കാരനാണ്. പ്രശ്‌നം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്താണുണ്ടായത് എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോയെന്നാണ് അന്വേഷിച്ചത്. മറ്റ് നിര്‍ദേശങ്ങളൊന്നും കൊടുത്തിട്ടില്ല. വിളിക്കുന്ന സമയത്ത് പ്രശ്‌നം എന്താണെന്ന് അറിഞ്ഞിരുന്നില്ല. അത് ഏതൊരു പാര്‍ട്ടിക്കാരനും ചെയ്യുന്നതാണ്.’ എകെ ശശീന്ദ്രന്‍ പറഞ്ഞു.

പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത്. യുവതിയെ കടന്ന് പിടിച്ചെന്ന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരായ ആരോപണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം കുണ്ടറ സ്വദേശികളാണ് പരാതിക്കാരിയും ആരോപണ വിധേയരും.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.