പായിപ്പാട് പ്രതിഷേധം: ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്.പി, ഒരാൾ കസ്റ്റഡിയിൽ

ലോക്ക്ഡൗൺ ലംഘിച്ച് പായിപ്പാട് അതിഥിതൊഴിലാളികള്‍ സംഘടിച്ച പ്രതിഷേധത്തിൽ ബാഹ്യ ഇടപെടലുണ്ടായതായി കോട്ടയം എസ്.പി ജി.ജയദേവ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇത് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം പ്രതിഷേധം നടത്തിയ ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ പശ്ചിമബം​ഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അനധികൃതമായി സംഘം ചേര്‍ന്നതിന് കണ്ടാലറിയാവുന്ന രണ്ടായിരംപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗായി 20 മൊബൈല്‍ ഫോണുകള്‍ പൊലീസ്പിടിച്ചെടുത്തു. കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലുപേരില്‍ കൂടുതല്‍ കൂടരുതെന്നാണ് നിര്‍ദേശം.

പായിപ്പാട് ഉള്‍പ്പെടെ സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെല്ലാം സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം തുടങ്ങി. അതിഥി തൊഴിലാളികള്‍ തന്നെയാണ് പാചകക്കാര്‍. ഇവിടേക്കാവശ്യമായ അവശ്യവസ്തുക്കള്‍ ജില്ലാഭരണകൂടം ഉറപ്പുവരുത്തും.

ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്. മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.