എം.ജി സര്‍വകലാശാലയിൽ മാർക്ക് തട്ടിപ്പിന് നീക്കം; പുനർമൂല്യനിർണയത്തിനുള്ള  ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് നൽകാൻ വിസിയുടെ കത്ത്

മാ‌ർക്ക് ദാന വിവാദത്തിന് പിന്നാലെ എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനും നീക്കം. എംകോം പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗത്തിന് നൽകാൻ നീക്കം. ഫോൾസ് നമ്പറുകൾ സഹിതം സിൻഡിക്കേറ്റ് അം​ഗത്തിന് നൽകാൻ വൈസ് ചാൻസലർ കത്ത് നൽകുകയായിരുന്നു. പരീക്ഷാചുമതലയുള്ള സിൻഡിക്കേറ്റംഗം  ഡോ.ആർ പ്രഗാഷാണ് ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ടത് .

കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് എംകോമിന്റെ നാലാം സെമസ്റ്റർ പരീക്ഷാഫലം വന്നത്. അതിന് ശേഷം പുനർമൂല്യനിർണയത്തിനായി വിദ്യാ‌ർത്ഥികൾ അപേക്ഷിച്ചു. തുടർന്ന് ഈ മാസം നാലാം തീയതി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റംഗം ഡോ.ആർ പ്രഗാഷ് ഉത്തര കടലാസ് ആവശ്യപ്പെട്ട് കത്ത് നൽകി.

പുന‌ർ മൂല്യനിർണയത്തിന് അപേക്ഷ നൽകിയ 30 കുട്ടികളുടെ ഫോൾസ് നമ്പർ അടക്കം നൽകണം എന്നാവശ്യപ്പെട്ട് ആയിരുന്നു വിസിക്ക് കത്ത്. തുടർന്ന് രജിസ്റ്റ‌‌ർ നമ്പർ, ഫോൾസ് നമ്പർ എന്നിവ നൽകണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ കത്ത് പരീക്ഷാ കൺട്രോളർക്ക് കൈമാറുകയായിരുന്നു. എന്നാൽ ആവശ്യപ്രകാരം ഇവ സിൻഡിക്കേറ്റ് അംഗത്തിന് ലഭിച്ചോ എന്ന് വ്യക്തമല്ല.

പരീക്ഷ എഴുതിയ വിദ്യാ‌ർത്ഥി ഏതാണ് എന്ന് തിരിച്ചറിയാതിരിക്കാൻ നൽകുന്ന നമ്പ‌ർ ആണ് ഫോൾസ് നമ്പർ. ഈ നമ്പരും രജിസ്റ്റ‌ർ നമ്പരും ഒത്തു നോക്കിയാണ് മൂല്യനിർണയത്തിന് ശേഷം വിദ്യാർത്ഥിയെ തിരിച്ചറിയുക. അതീവരഹസ്യമായി നിശ്ചയിക്കുന്ന ഈ നമ്പരും ഉൾപ്പെടെ നൽകാനാണ് വിസി പരീക്ഷാ കൺട്രോള‌ർക്ക് ശിപാർശ നൽകിയെന്നതാണ് വലിയ തട്ടിപ്പ് നടത്തി എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഈ രേഖകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇത്തരത്തിൽ ഒരു കത്ത് നൽകി നൽകിയിട്ടുണ്ട് എന്ന് സിൻഡ‍ിക്കേറ്റ് അംഗം ഡോ. പ്രഗാഷ് സമ്മതിക്കുന്നുണ്ട്. എന്നാൽ ഇത് സർവകലാശാലയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയ‌ർ അപ്ഡേഷന് വേണ്ടിയായിരുന്നു എന്ന അവ്യക്തമായ മറുപടിയാണ് പ്രഗാഷ് നൽകുന്നത്. ഫാൾസ് നമ്പർ ആവശ്യപ്പെട്ടത് പുനർമൂല്യം നിർണയം നീണ്ട് പോയതിനാൽ ആണെന്നും സർവകലാശാലയിൽ പുതിയ സോഫ്റ്റ് വെയർ വന്നപ്പോൾ അത് പരിശോധിക്കാനാണ് ഫോൾസ് നമ്പർ വാങ്ങിയതെന്നും പ്രഗാഷ് പറയുന്നു.

നിയമപരമായാണ് കത്ത് നൽകിയതെന്നും സിൻഡിക്കേറ്റംഗം വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഫോൾസ് നമ്പരുകൾ ആർക്കും കൈമാറാൻ പാടില്ലെന്ന് ചട്ടം നിലനിൽക്കുമ്പോൾ ആണ് കത്ത് നൽകിയത് നിയമപരമായി ആണ് എന്ന് സിൻഡിക്കേറ്റ് അംഗം വിശദീകരിക്കുന്നത്. ഈ ചട്ടത്തിന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് വിദ്യാർത്ഥികളുടെ ഫോൾസ് നമ്പരടക്കം സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാൻ എം ജി സ‌ർവകലാശാലയിൽ നീക്കം നടന്നത്. എന്തായാലും മാ‌ർക്ക്ദാനത്തേക്കാൾ വലിയ തട്ടിപ്പിന് എംജി സ‌ർവകലാശാലയിൽ കളമൊരുങ്ങി എന്നതാണ് കത്ത് പുറത്ത് വന്നതിലൂടെ വ്യക്തമാകുന്നത്. സ‌ർവകലാശാലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി പുതിയ സംഭവ വികാസങ്ങൾ.

എംജി സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് മാ‌ർക്ക് കൂട്ടി നൽകാൻ മന്ത്രി കെ ടി ജലീൽ ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണത്തിൽ വിവാദം കത്തി നിൽക്കുന്നതിനിടെയാണ് അതിലും ഗുരുതരമായ മറ്റൊരു ക്രമക്കേടിന്റെ കൂടി വിവരങ്ങൾ പുറത്തു വരുന്നത്. കോതമംഗലം എന്‍ജിനീയറിംഗ് കോളജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കൂട്ടി നൽകിയെന്നായിരുന്നു ആരോപണം.

Read more

കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നത്. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയം സിൻഡിക്കേറ്റ് യോഗത്തിൽ വെയ്ക്കാൻ തീരുമാനിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു. മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ ആയിരുന്നു തീരുമാനം