മീടൂ ആരോപണം; വ്യാജ വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കും, മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി ബഷീർ പ്രതികരിക്കുന്നു

തനിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി ബഷീർ.

വ്യാജ വാർത്ത നൽകിയ ജന്മഭൂമി, ഈസ്റ്റ് കോസ്റ്റ് ഡെയ്ലി, സത്യം ഓൺലൈൻ എന്നീ സ്ഥാപനങ്ങൾക്കെതിരെയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന, ഇന്ത്യാവിഷനിലെ തന്റെ മുൻ സഹപ്രവർത്തകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് എം.പി ബഷീർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

എം.പി ബഷീറിനെതിരെ എട്ടോളം വനിതാ മാധ്യമപ്രവർത്തകർ മീടൂ ആരോപണം ഉന്നയിച്ചതായും തുടർന്ന് ഇദ്ദേഹത്തെ റിപ്പോർട്ടർ ചാനലിലെ എഡിറ്റർ സ്ഥാനത്ത് നിന്നും നീക്കിയതായും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു ഇതിനെതിരെയാണ് ബഷീർ നിയമനടപടിക്ക് ഒരുങ്ങുന്നത്.

Read more

ഫെയ്സ്ബുക്ക് കുറിപ്പ്

എനിക്ക് 50 വയസ്സായി. 26 വര്ഷമായി മാധ്യമ പ്രവര്ത്തനം നടത്തുന്നു. പത്തില് അധികം മാധ്യമ സ്ഥാപനങ്ങളിലായി, ഉദ്ദേശം രണ്ടായിരത്തോളം മാധ്യമ പ്രവര്ത്തകരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. അവരില് ചുരുങ്ങിയത് മുന്നൂറ് പേരെങ്കിലും സ്ത്രീകളായിരുന്നു.
ഈ സ്ത്രീകളില് ആരെങ്കിലും ഒരാള് എനിക്കെതിരെ, ഞാന് അവരെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആക്ഷേപം ഉന്നയിച്ചാല്, മാധ്യമ പ്രവര്ത്തകന് എന്ന നിലയില് എനിക്ക് അനുവദിച്ചുകിട്ടുന്ന പൊതു ഇടത്ത് നിന്ന് എന്നെന്നേക്കുമായി പിന്വാങ്ങാം. നിയമപരമായ ഏത് നടപടികളേയും നേരിടാം.
കഴിഞ്ഞ മൂന്ന് നാല് മാസത്തോളമായി വി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റുകളോ മറ്റ് കുത്തിത്തിരിപ്പുകളോ കണ്ട് എന്നെ വിളിക്കുകയോ, നേരിട്ടല്ലാതെ അന്വേഷിക്കുകയോ ചെയ്ത സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ള മറുപടി മേല്പറഞ്ഞത്. ഒന്നുകൂടി പറയാം, ആരോപണം തെളിയിച്ചാല് എന്നല്ല, ആരോപണം ഉന്നയിക്കപ്പെട്ടാല് എന്നാണ് ഞാന് പറയുന്നത്.
നാട്ടില് റേഞ്ച് കുറഞ്ഞ സ്ഥലത്തായതിനാലും ഫോണിലെ ദീര്ഘമായ ടൈപ്പിങ് വശമില്ലാത്തതിനാലും ആണ് ഇന്നലെ മുഴുവന് കാര്യങ്ങള് പറയാതിരുന്നത്.
ആരാണ് വി ഉണ്ണികൃഷ്ണന്?
1994 ബാച്ചില് കേരള പ്രസ് അക്കാദമിയിലെ സീനിയര് വിദ്യാര്ത്ഥി എന്ന നിലയിലാണ് എനിക്ക് വി ഉണ്ണികൃഷ്ണനെ പരിചയം. മലയാള മനോരമയിലും മറ്റ് സ്ഥാപനങ്ങളിലും ആയി ജോലി ചെയ്ത അദ്ദേഹം ജയ്ഹിന്ദ് ചാനലിന്റെ കോ ഓര്ഡിനേറ്റിങ് എഡിറ്റര് സ്ഥാനത്ത് നിന്നാണ് 2011-2012 ല് ഇന്ത്യാവിഷനിലേക്ക് വന്നത്. എക്‌സിക്യട്ടീവ് എഡിറ്റര് എന്ന നിലയില് ഞാന് തന്നെ മുന്കൈ എടുത്താണ് അദ്ദേഹത്തെ ഇന്ത്യാവിഷനിലേക്ക് കൊണ്ടുവന്നത്. 2014 ല് മാനേജ്‌മെന്റുമായുള്ള ചില തര്ക്കങ്ങളെ തുടര്ന്ന് മാര്ച്ച് മാസത്തില് ഇന്ത്യാവിഷനില് നിന്ന് പുറത്തേക്ക് പോരേണ്ടി വന്നപ്പോള് എന്നോടൊപ്പം ഉണ്ണികൃഷ്ണനും എന്കെ ഭൂപേഷും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന് കൂടി ഡയറക്ടര് ബോര്ഡ് അംഗമായിട്ടാണ് ഞങ്ങള് സൗത്ത് ലൈവ് തുടങ്ങിയത്.
ഞങ്ങളെല്ലാം ഇന്ത്യാവിഷനിലെ ആഘാതം മറികടന്ന് പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് പ്രവേശിച്ചെങ്കിലും ഉണ്ണികൃഷ്ണന്റെ മനസ്സ് മാത്രം എന്തുകൊണ്ടോ “ടുട്ടൂസ് ടവറില്” കറങ്ങിത്തിരിഞ്ഞു. അവിടത്തെ കാര്യങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണങ്ങളും വിവരം ചോര്ത്തലുകളും അതിരുകടന്നപ്പോള് സൗത്ത് ലൈവില് നിന്ന് മാറി നില്ക്കണമെന്ന് എനിക്ക് പറയേണ്ടിവന്നു. അന്ന് മുതല് അദ്ദേഹം എന്നോട് ശത്രുതയിലാണ്. കൂടെ ജോലി ചെയ്ത ചിലരെ, മനോനില തെറ്റിയ ആളെ പോലെ ഉണ്ണികൃഷ്ണന് പിന്തുടര്ന്ന് ഉപദ്രവിക്കുന്നത് ഞങ്ങളുടെ പലരുടേയും ശ്രദ്ധയില് പെട്ടിരുന്നു. എന്നാല് അത് എനിക്ക് നേരെ തിരിഞ്ഞത് ഇക്കഴിഞ്ഞ സെപ്തംബറില് ഞാന് റിപ്പോര്ട്ടര് ചാനലിന്റെ എഡിറ്റര് ആയി ചുമതലയേറ്റത് മുതലാണ്.
അജ്ഞാത നമ്പറുകളില് നിന്നുള്ള മെസേജുകള്, ദുരൂഹമായ ഡോക്യുമെന്റുകള്, ഫേസ്ബുക്ക് വഴിയുള്ള ദുഷ്പ്രചാരണങ്ങള് എന്നിവയെല്ലാം കഴിഞ്ഞ ആറ് മാസത്തോളമായി ഞാന് അുഭവിക്കുന്നു. എനിക്ക് അടുപ്പമുള്ള സുഹൃത്തുക്കളിലേക്കും ഇത്തരം സന്ദേശങ്ങള് ഉണ്ണികൃഷ്ണന് പ്രചരിപ്പിച്ചതിന് തെളിവുണ്ട്. ടിപി സെന്കുമാറിന്റെ കാലത്ത് ഇന്ത്യാവിഷനും മാധ്യമം പത്രത്തിനും എതിരെ എടുത്ത ഇമെയില് ചോര്ത്തല് കേസില് ഞാന് അറസ്റ്റിലാകാന് പോകുന്നു എന്നതായിരുന്നു ആദ്യ പ്രചാരണം. അത് മീടുവിലേക്ക് മാറിയത് ഡിസംബര് മാസം മുതലാണ്. ഇത്തരം അപവാദ പ്രചാരണങ്ങള്ക്കെതിരെ പരാതി നല്കണം എന്ന സുഹൃത്തുക്കളുടെ നിര്ദ്ദേശങ്ങളെ ഞാന് അവഗണിച്ചത് അത് എനിക്കെതിരെ ഒരു “കേസുകെട്ട്” ഉണ്ടാക്കിയെടുക്കുക എന്ന ഉണ്ണിയുടെ ലക്ഷ്യം സാധിക്കും എന്നതുകൊണ്ടാണ്. ഇപ്പോള്, ആ ശ്രമങ്ങള് ഉത്തരവാദപ്പെട്ട മാധ്യമ സ്ഥാപനങ്ങളില് വാര്ത്തയുടെ രൂപത്തില് വരുന്നതുകൊണ്ടാണ് ഈ വിശദീകരണവും നിയമനടപടിയും.
റിപ്പോര്ട്ടറില് നിന്നുള്ള രാജി
റിപ്പോര്ട്ടര് ചാനലിന്റെ എഡിറ്റര് സ്ഥാനത്ത് എനിക്ക് തുടരാന് ആവില്ലെന്ന് രണ്ട് മാസം മുമ്പ് തന്നെ ഞാന് നികേഷ് കുമാറിനെ അറിയിച്ചിരുന്നു. ഇലക്ഷന് പ്രക്രിയ കഴിഞ്ഞാല് എനിക്ക് ഇറങ്ങാമെന്ന ധാരണയും ആയിരുന്നു. റിപ്പോര്ട്ടര് വിടാനുള്ള എന്റെ കാരണം തീര്ത്തും വ്യക്തിപരവും ആ സ്ഥാപനത്തെ കുറിച്ചുള്ള എന്റ ചെറിയ ചില പരിഭവങ്ങളും ആണ്. കഴിഞ്ഞ പതിനാലാം തിയ്യതി ഞാന് ഔപചാരികമായി രാജിക്കത്ത് കൊടുക്കുകയും ഒരുമാസത്തെ നോട്ടീസ് പിരിയഡില് പ്രവേശിക്കുകയും ചെയ്തു. അല്ലാതെ എനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതിയോ നടപടിയോ ഉണ്ടായതല്ല. എനിക്ക് കൂടുതല് സന്തോഷം തരുന്ന ഒരു സ്വതന്ത്ര ഓണ്ലൈന് പ്ലാറ്റ്‌ഫോമിലേക്ക് മാറാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ വിടുതല്. നികേഷ് കുമാറിനെ ഒന്ന് ഫോണില് വിളിച്ച് ചോദിക്കാന് സാവകാശമുള്ളവര്ക്ക് ഇക്കാര്യത്തില് ഒരു ക്ലാരിറ്റി കിട്ടും.
ഉണ്ണികൃഷ്ണനെതിരെ നിയമ നടപടി എന്നത് ഞാന് ആലോചിച്ചെടുത്ത തീരുമാനമാണ്.ഈ കാര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള കുറേയധികം സുഹൃത്തുക്കളുണ്ട്, 2012- 2014 കാലത്ത് ഇന്ത്യാവിഷനില് ജോലി ചെയ്തവരുടെ കൂട്ടത്തില്. ഫോണിലൂടേയും അല്ലാതേയും നിങ്ങള് നല്കിയ പിന്തുണയ്ക്ക് നന്ദി. എന്നാല് കേസ് നടത്തിപ്പില് സഹായകമാകാവുന്ന തരത്തില് നിങ്ങളുടെ പക്കലുള്ള തെളിവുകള് കൂടി നല്കണം എന്ന് അഭ്യര്ത്ഥിക്കുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടയില് ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് വാളില് എന്നെ ഉന്നംവച്ച് ഇട്ട ചില പോസ്റ്റുകളുടെ സ്‌ക്രീന്ഷോട്ടുകളും ഞാന് ബ്ലോക്ക് ചെയ്യും വരെ എന്റെ നമ്പറിലേക്ക് ഉണ്ണികൃഷ്ണന് അയച്ച വാട്‌സ് ആപ്പ് മെസേജുകളുടെ സ്‌ക്രീന്ഷോട്ടുകളും ഇതോടൊപ്പം ചേര്ക്കുന്നുണ്ട്.