ലൗ ജിഹാദ് പരാമര്‍ശം; സി.പി.എമ്മിന്റെ മലക്കംമറിച്ചില്‍ ബാഹ്യഇടപെടല്‍ മൂലം: കെ. സുരേന്ദ്രന്‍

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം നേതൃത്വം മലക്കം മറിഞ്ഞത് ബാഹ്യ ഇടപെടല്‍ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.

ജോയ്‌സ്‌നയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ജോര്‍ജ് എം തോമസ് 24 മണിക്കൂറിനുളളില്‍ താന്‍ പറഞ്ഞത് മാറ്റിപ്പറയുകയായിരുന്നു. സംസ്ഥാനത്ത് ഭരണം നടത്തുന്ന പാര്‍ട്ടി മകളോട് സംസാരിക്കാന്‍ രക്ഷിതാക്കളെ എന്തുകൊണ്ട് അനുവദിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പകല്‍ സമയങ്ങളില്‍ ഡി.വൈ.എഫ്.ഐയും രാത്രി എസ്.ഡി.പി.ഐയും ആയി പ്രവര്‍ത്തിക്കുന്നവര്‍ സി.പി.എമ്മിലുണ്ട്. ഷെജിനെയും ജോയ്‌സനയെയും പാര്‍പ്പിച്ചത് എസ്.ഡി.പി.ഐ കേന്ദ്രത്തിലാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ബിജെപി ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ഉണ്ടാകുമെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലെ ക്രൈസ്ത ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സിപിഎം. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരുമെന്ന സന്ദേശമാണ് പാര്‍ട്ടി ജോര്‍ജ് എം തോമസിന് നല്‍കിയത്. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.