കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അൽ ഉമ തലവനുമായ മെഹ്ബൂബ് പാഷ പിടിയിൽ

കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന അൽ ഉമ തലവൻ മെഹ്ബൂബ് പാഷയെ ബാംഗ്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ മൂന്ന് പേരും പൊലീസ് പിടിയിലായി. ജെബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവരാണിവർ. അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്ഐയുടെ കൊലപാതകത്തിന്‍റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സംഘത്തിന്‍റെ തലവനാണ് മെഹ്ബൂബ് പാഷ. പിടിയിലാവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക എന്‍ഐഎ കോടതി വിട്ടു.

അതേസമയം കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി. അബ്ദുൾ ഷെമീം, തൗഫീക്ക്‌ എന്നിവർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാര തീർക്കാനാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ കുറ്റ സമ്മതം നടത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.