മൂന്നാറിൽ അടിയന്തരമായി വേണ്ടത് മെഡിക്കൽ സംഘം: രമേശ് ചെന്നിത്തല

 

മൂന്നാറിൽ അടിയന്തരമായി വേണ്ടത് മെഡിക്കൽ സംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതായി ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ ചികിത്സാ സംവിധാനം വേണമെന്നാണ് മേഖലയിൽ നിന്ന് ഉയരുന്ന ആവശ്യം. നിലവിൽ ആശുപത്രി ഉണ്ടെങ്കിലും വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കൽ സംഘം വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എസ്‌റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അതിന് വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കുമാറാണ് പെട്ടിമുടി ദുരന്തത്തെ കുറിച്ച് തന്നെ അറിയിച്ചതെന്നും തുടർന്ന് ജില്ലാ കളക്ടറെയും എസ്പിയെയും ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഈ സമയത്ത് പ്രദേശത്ത് ആളുകൾ കൂട്ടം കൂടി രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.