മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി

 

കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും. ആര്യാ രാജേന്ദ്രന് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായിട്ടുള്ള ചില വർത്തമാനങ്ങളാണെന്ന് മുരളീധരൻ പറഞ്ഞിരുന്നു.

ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിർത്തതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് തിരുവനന്തപുരം. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി ‘കനകസിംഹാസനത്തിൽ…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിലായിരുന്നു മുരളീധരന്റെ വാക്കുകൾ.

ആറ്റുകാൽ പൊങ്കാലയെ പോലും നോൺവെജ് പൊങ്കാല ആക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന പദവി കൂടി തിരുവനന്തപുരം മേയർക്ക് സ്വന്തമാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആ സമയത്ത് 5,70,800 രൂപയുടെ പൊറോട്ടയും ചിക്കനുമാണ് ഭരണാധികാരികൾ തിന്നത്. എന്ത് തീറ്റിയാണിതെന്നും മുരളീധരൻ ചോദിച്ചിരുന്നു.

മുഴുക്കള്ളൻ എങ്ങനെ കാൽക്കള്ളനെ കുറ്റം പറയും എന്ന അവസ്ഥയിലാണ് തിരുവനന്തപുരം മേയറെ കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ പരിഹസിച്ചു. അവിടെ നടക്കുന്നതിന്റെ മൂന്നിൽ ഒന്നേ ഇവിടെ നടക്കുന്നുള്ളൂ. ഇപ്പോൾ സിൽവർ ലൈനിൽ നിന്നും കോടികൾ മുക്കാനാണ് പിണറായിയുടെ ശ്രമം. സിപിഎം ജില്ലാ കമ്മിറ്റി ആണെങ്കിൽ പണം കക്കൽ, ജനിക്കുന്ന കുഞ്ഞിനെ വിൽക്കൽ അങ്ങനെയുള്ള കാര്യങ്ങളാണ് ഇപ്പോൾ നടത്തുന്നത് എന്നും മുരളീധരൻ പറഞ്ഞു.