വൈത്തിരിയില്‍ പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ മരിച്ചു

വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മരിച്ചു. മരിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വെടിവെയ്പ് നടന്ന റിസോര്‍ട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ചത് മാവോയിസ്റ്റ് നേതാവ് സി.പി ജലീലെന്ന് സൂചന.

വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടായ ഉപവനിലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെയ്പ്പുണ്ടായത്. ദേശീയപാതയക്ക് സമീപത്താണ് റിസോര്‍ട്ട്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റ് വിരുദ്ധ സേനയായ കേരള പോലീസിന്റെ തണ്ടര്‍ ബോള്‍ട്ടുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍.

റിസോര്‍ട്ടിലെത്തി ഇവര്‍ പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടായിയെന്നും പറയപ്പെടുന്നു. നിലവില്‍ കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള വെടിവെയ്പ്പിനെ തുടര്‍ന്ന് തടഞ്ഞിരുന്ന കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.