ശ്രീജിത്തിന് പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ കോടതിയിലേക്ക്; 'ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ നിയമവ്യവസ്ഥിതികള്‍ പോലും അട്ടിമറിക്കപ്പെടുന്നു'

അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യവുമായി ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി പ്രെഫഷണല്‍ കോണ്‍ഗ്രസ്് സംസ്ഥാന പ്രസിഡന്റ് അഡ്വ.മാത്യു കുഴല്‍നാടന്‍. ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ നിയമവ്യവസ്ഥിതികള്‍ പോലും അട്ടിമറിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ ശ്രീജിത്തിനുവേണ്ടി കോടതിയിലേക്ക് നീങ്ങുന്നതെന്ന് അദേഹം ഫേയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വഴി ശ്രീജിത്തിന്റെ സമരത്തെ കുറിച്ചറിഞ്ഞ അദേഹം കഴിഞ്ഞ ദിവസം സമരപന്തലിലെത്തി വിവരങ്ങള്‍ ആരായുകയും നീതി വാങ്ങി തരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തത്. ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കോടതിയില്‍ അടുത്ത ദിവസം തന്നെ കേസ് ഫയല്‍ ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

“ഇന്ന് രാവിലെ പ്രഫഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു അംഗം വിളിച്ച് ഒരു വീഡിയൊ അയച്ചിട്ടുണ്ട് ഒന്ന് കാണണമെന്ന് പറഞ്ഞപ്പോളാണ് ഈ വിഷയത്തെപറ്റി അറിയുന്നത്.

തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നതിനാല്‍ ഇതെന്റെ നിജസ്ഥിതി അറിയാമെന്നുള്ള ഉദ്ദേശത്തിലാണ് അവിടേക്ക് എത്തിയത്. ചെല്ലുമ്പോള്‍ കുറേ ആളുകള്‍ അവിടെയുണ്ട്. അതില്‍ ഒരു സ്ത്രീ വളരെ വൈകാരികപരമായാണ് ഇതിനെ പറ്റി എന്നോട് സംസ്സാരിച്ചത്.

കാര്യങ്ങളുടെ വിശദാംശംങ്ങള്‍ ചോദിച്ചപ്പോളാണ്. 761 ദിവസമായി അവിടെ കിടക്കുകയാണെന്നും, തന്റെ അനുജന്റെ മരണത്തിലെ ദുരെൂഹതകളെപറ്റിയും എല്ലാം പറഞ്ഞത്. പൊലീസ് മര്‍ദ്ദനംകൊണ്ടാണ് തന്റെ അനുജന്‍ മരിച്ചതെന്നാണ് ശ്രീജിത്ത് പറഞ്ഞത് ഇതുമായി ബന്ധപ്പെട്ട് 2016-ല്‍ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉത്തരവിറക്കുകയുണ്ടായി, എന്നാല്‍ നാളിതുവരെ അത് നടപ്പിലാക്കിയതായി കാണുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് സ്വന്തം അരോഗ്യം പോലും വകവെക്കാതെ കൂടപ്പിറപ്പിന്റെ നീതിക്കുവേണ്ടി ഈ ചെറുപ്പക്കാരന്‍ ജീവന്‍കൊണ്ട് സമരം ചെയ്യുന്നത്. ഇതിന് ഒരു പ്രതിവിധി എന്നോളമാണ് ശ്രീജിത്തിനുവേണ്ട നിയമ സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയത്.

ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ നിയമവ്യവസ്ഥിതികള്‍ പോലും അട്ടിമറിക്കപ്പെടുന്നുണ്ട് എന്നത് ഏനിക്കും ബോധ്യമുള്ള ഒരു വസ്തുതതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ ശ്രീജിത്തിനുവേണ്ടി കോടതിയിലേക്ക് നീങ്ങുന്നത്”.