വനപാലകർക്ക് എതിരെ നടപടി സ്വീകരിക്കണം; നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് മത്തായിയുടെ കുടുംബം

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പിൻറെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ സംസ്കാരം നടത്തണമെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം. മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം.

ആത്മഹത്യയെന്ന റിപ്പോർട്ട് കുടുംബാംഗങ്ങൾ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മത്തായിയുടേത് മുങ്ങിമരണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന പോസ്‍റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിൻറെ സൂചനകളില്ല എന്നും റിപ്പോർട്ടിലുണ്ട്. ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം.

വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ടി.ടി മത്തായിയുടെ സഹോദരൻ രംഗത്തെത്തി. കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തിൽ മുക്കിക്കൊന്നെന്നാണ് സഹോദരന്റെ ആരോപണം. അമ്മയെ വനം ഉദ്യോഗസ്ഥർ തള്ളിയിട്ടെന്നും അദ്ദേഹം പറയുന്നു. ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു.

ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറെചരുവിൽ പി.പി. മത്തായിയുടെ (പൊന്നുമോൻ – 41) മരണത്തെ കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്നു കണ്ടെത്തിയത്.