ആലുവയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിന് എതിരെ വന്‍ പ്രതിഷേധം, പത്തോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി

ആലുവ കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ വലിയ പ്രതിഷേധം. സര്‍വേ കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സ്വകാര്യ ഭൂമിയില്‍ രേഖകളില്ലാതെ സര്‍വേയ്ക്ക് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയാണ് പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ സംസ്ഥാനത്ത പല ഇടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ ചെങ്ങന്നൂരിലെ മുളക്കുഴയില്‍ നാട്ടുകാര്‍ കല്ലിടല്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ കല്ലിടല്‍ തുടരുകയായിരുന്നു.

കാലടി ചൊവ്വരയിലും സില്‍വര്‍ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നടന്നിരുന്നു. പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ പാടശേഖരത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലിട്ടു.