വയനാട്ടിൽ അജഞാത സംഘത്തിന്‍റെ ആക്രമണത്തിൽ വയോധിക ദമ്പതിമാര്‍ കൊല്ലപ്പെട്ടു

പനമരത്ത് അജ്ഞാത സംഘത്തിൻറെ ആക്രമണത്തിൽ വയോധിക ദമ്പതിമാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തില്‍ കൊലപാതകം നടന്നത്.  റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്റര്‍ക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്. ആദ്യം കേശവന്‍ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു.

മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍  കഴിഞ്ഞില്ല.

റോഡില്‍നിന്ന് അല്പം മാറി ആളൊഴിഞ്ഞ ഭാഗത്താണ് ഇവരുടെ വീട്. ഇരുനില വീടിന്റെ മുകള്‍ ഭാഗത്ത് കൂടെയാണ് അക്രമികള്‍ വീടിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പത്മാവതിയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പനമരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായുള്ള തിരച്ചിലും ഊർജ്ജിതമാക്കി. കവർച്ച ശ്രമമായിരിക്കാം അക്രമത്തിനിടയാക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read more

മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോട്ടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. പനമരം, നീര്‍വാരം സ്‌കൂളുകളിലെ  കായികാധ്യാപകനായിരുന്നു കേശവന്‍.