മരട് ഫ്ലാറ്റ് കേസ്; ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമകളെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

മരടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമ്മിച്ച ഫ്ലാറ്റ് കേസിൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമകളെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ഉടമകളായ കെ വി ജോസ്, വി സിദ്ദിഖ് എന്നിവർക്ക് ഇന്ന് ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.

അനധികൃതമായി ഫ്ലാറ്റ് നിര്‍മ്മിച്ച ഗോൾഡൻ കായലോരം ഉടമകൾക്കെതിരെ 2015-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നാല് വർഷത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫിന്‍റെ അറസ്റ്റ് ആണ് ആദ്യം രേഖപ്പെടുത്തിയത്. മൂവാറ്റുപുഴ സബ്  ജയിലിലെത്തി ഇക്കഴിഞ്ഞ ആറാം തിയതി ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. നിലവിൽ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിൽ റിമാൻഡിലാണ് അഷ്റഫ്.

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമ്മിച്ചെന്ന പരാതിയിൽ വിജിലൻസാണ് കേസ് അന്വേഷിക്കുന്നത്. മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ഫ്‌ളാറ്റ് നിർമ്മിക്കാൻ നിയമം ലംഘിച്ച് അനുമതി നൽകിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്. ഈ കേസിൽ വിജിലൻസിന്റെ ആദ്യ നടപടിയാണിത്. നിലവിൽ റിമാൻഡിൽ കഴിയുന്ന അഷ്‌റഫിനെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തിയതി ഇന്ന് നിശ്ചയിക്കും. പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.