മരട് ഫ്ളാറ്റ് പൊളിക്കല്‍; വിധിക്ക് എതിരെയുള്ള ഫ്‌ളാറ്റ് ഉടമകളുടെ  തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി  സ്വീകരിച്ചു

മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടുള്ള വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി രജിസ്റ്ററിയാണ് ഹര്‍ജി സ്വീകരിച്ചിരിക്കുന്നത്. പൊളിക്കുന്നതിന് വേണ്ടി ഫ്‌ളാറ്റ് ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസ് ലഭിച്ച ഉടമകള്‍ക്ക് ഹര്‍ജി സ്വീകരിച്ചത് താത്കാലിക ആശ്വാസമായി. ഈ മാസം 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഗോള്‍ഡന്‍ കായലോരം റെസിഡന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഇത്. ഫ്‌ളാറ്റ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം. സുപ്രീം കോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയത്. മൂന്നംഗ സമിതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയതും കോടതിയുടെ അനുമതിയോടെയല്ല. തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. ചേംബറിലായിരിക്കും സാധാരണ രീതിയില്‍ തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിക്കുക. എന്നാല്‍ തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. അഞ്ചംഗ ബെഞ്ച് തന്നെ ഇക്കാര്യത്തിലും തീരുമാനമെടുക്കും.