കൂടരഞ്ഞിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; ആയുധധാരികളായ നാലുപേര്‍ എത്തി പോസ്റ്റര്‍ പതിച്ചെന്ന് നാട്ടുകാര്‍

കോഴിക്കോട് കൂടരഞ്ഞിയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഘം എത്തിയത്. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് മേടപാറയില്‍ ആയുധധാരികളായ നാലുപേര്‍ അടങ്ങുന്ന സംഘം എത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഞ്ജുളായില്‍ വത്സലയുടെ വീട്ടിലാണ്  ഇവരെത്തിയത്. വീട്ടില്‍ വത്സല ഒറ്റയ്ക്കാണ് താമസിക്കുന്നത്. വന്നവര്‍ ചായയും അരിയും വേണമെന്ന് പറഞ്ഞു. ഇതോടെ വീട്ടമ്മ അവര്‍ക്ക് ചായയും അരിയും കൊടുത്തു. പിന്നീട് ഈ സംഘം കൈ കൊണ്ട് എഴുതിയ പോസ്റ്റര്‍ ചുമരില്‍ ഒട്ടിച്ചു. ഒരു മണിക്കൂര്‍ അവിടെ തങ്ങിയ ശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ മലയാളമാണ് സംസാരിച്ചത്.

കബനീദളം എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ എഴുതിരിക്കുന്നത്. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിയേറ്റ് മരിച്ച സി.പി ജലീലിന്റെ ആസൂത്രിത കൊലയ്ക്ക് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. തൊവരി മലയിലെ ആദിവാസികളുടെ ഭൂമിപ്രശ്നം പരിഹരിക്കുക, അഴിമതി വീരന്മാരായ കപട രാഷ്ട്രീയക്കാര്‍ക്കെതിരെ പടപൊരുതുക, പ്രതികരിക്കുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

രണ്ടു മാസം മുമ്പ് കൂടരഞ്ഞിയിലെ പൂവാറം തോട്ടിലും ആയുധധാരികള്‍ എത്തിയിരുന്നു. പുരുഷന്‍മാര്‍ ഇല്ലാത്ത വീടുകളിലാണ് അവര്‍ ഇടയ്ക്കിടെ വന്നു പോകുന്നത്. അതുകൊണ്ടു തന്നെ ഇവിടത്തെ ജനങ്ങള്‍ ഭീതിയിലാണ്.