എൻ.ഐ.എ അന്വേഷണം ആരിലേയ്ക്ക് ഒക്കെയാണ് എത്തിച്ചേരുക എന്ന നെഞ്ചടിപ്പ്‌ പലർക്കും ഉണ്ടായിട്ടുണ്ട്: മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം ഉണ്ടാവുമ്പോൾ അത് ആരിലേക്കൊക്കെയാണ് എത്തി ചേരുക എന്നുള്ള നെഞ്ചടിപ്പ്‌ പലർക്കും ഇങ്ങനെ വന്നു കൊണ്ടിരിക്കുന്നുണ്ടാവും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭയത്തിന്റെ ഭാഗമായി മറ്റു വഴിക്കു ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമായിട്ടേ സി.ബി.ഐ അന്വേഷണം യു.ഡി.എഫ് ആവശ്യപ്പെടുന്നതിനെ കാണേണ്ടതുള്ളൂ എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണം എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട് മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഇത് ആവശ്യപ്പെടുന്നതായി കാണുന്നുണ്ട്. മാത്രമല്ല അടിയന്തര മന്ത്രിസഭായോഗം ചേരണം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണം എന്നാണ് മൂന്ന് പേരും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ സാധാരണ നിലയ്ക്ക് നേരത്തെ തന്നെ ഞാൻ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ സംസ്ഥാന സര്‍ക്കാർ എന്ന നിലയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും ചെയ്യാനില്ല. എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാർ ആണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെട്ടു എന്നാണ് എന്റെ അഭിപ്രായം. ഞാൻ മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിക്ക് ഒരു കത്ത് അയച്ചിരുന്നു. സമഗ്രമായ അനേഷണം വേണം എന്നാണ് പറഞ്ഞത് ഏത് ഏജൻസി എന്ന് പറഞ്ഞിട്ടില്ല. അത് കേന്ദ്ര സർക്കാർ ആണ് തീരുമാനിക്കേണ്ടത്. എൻ.ഐ എ ഫലപ്രദമായി അന്വേഷിക്കാൻ പറ്റുന്ന ഒരു ഏജൻസി തന്നെയാണ്. ഏതായാലും സംസ്ഥാനത്തിന്റെ അഭ്യർത്ഥന അംഗീകരിച്ച് പെട്ടന്ന് തന്നെ കേന്ദ്ര സർക്കാർ നടപടി ഉണ്ടായി എന്നത് അങ്ങേയറ്റം സ്വാഗതാർഹമായ കാര്യമാണ്” – മുഖ്യമന്ത്രി പറഞ്ഞു.

“ഇതിന്റെ ഭാഗമായിട്ടുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തട്ടെ. കുറ്റവാളികൾ എന്ന് പറയുമ്പോൾ ചില പ്രശനങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല, കാരണം അവർ ഇപ്പോൾ പറഞ്ഞിട്ടുള്ളത് ഈ കേസ് മാത്രമല്ല നമ്മുടെ നാടിൻറെ സാമ്പത്തിക നില തകർക്കുന്ന പ്രശ്നം ആണല്ലോ ഇത്, രാജ്യത്തിൻറെ അടക്കം സാമ്പത്തിക ഭദ്രത തകർക്കാനുള്ള നീക്കമാണല്ലോ നടന്നു കൊണ്ടിരിക്കുന്നത്. അപ്പോൾ മുൻപുള്ള കള്ളക്കടത്ത് ആ കാര്യങ്ങൾ കൂടി അവർ അന്വേഷിക്കും എന്ന് പറഞ്ഞതായിട്ടാണ് കാണുന്നത്. അങ്ങനെ വരുമ്പോൾ ആരിലൊക്കെയാണ് എത്തി ചേരുക എന്നുള്ള നെഞ്ചടിപ്പ്‌ പലർക്കും ഇങ്ങനെ വന്നു കൊണ്ടിരിക്കുന്നുണ്ടാവും. അതിന്റെ ഭാഗമായി മറ്റു വഴിക്കു ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ.സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. പിന്നെ സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ചെയ്യാവുന്നത് ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ നാടിൻറെ സാമ്പത്തിക ഭദ്രതയെ അടക്കം തകർക്കുന്ന തീവ്രമായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേക നിയമം, കേന്ദ്ര നിയമം ഉണ്ട് അതോടൊപ്പം തന്നെ സംസ്ഥാനത്ത് പ്രത്യേക നിയമം വേണോ ചില സംസ്ഥാനത്ത് നേരത്തെ നിയമം പാസാക്കിയ അനുഭവം ഉണ്ട്. അത് വേണാമെങ്കിൽ നമുക്ക് ആലോചിക്കാം അത് മാത്രമേ സംസ്ഥാനത്തിന് ചെയ്യാൻ പറ്റൂ”- മുഖ്യമന്ത്രി പറഞ്ഞു.