പോരാട്ടച്ചൂട് ഉച്ചസ്ഥായിയിൽ, അടിയൊഴുക്കുകൾ നിർണായകം, പാലക്കാട് ഫോട്ടോ ഫിനിഷിലേക്ക്

പ്രചാരണം അവസാന ലാപ്പിലോടുമ്പോൾ പാലക്കാട് വേനൽച്ചൂടിനൊപ്പം പോരാട്ടവും ഉച്ചസ്ഥായിയിലായി. 2014ൽ നഷ്‌ടമായ മണ്ഡലം തിരിച്ചു പിടിക്കാൻ സർവ്വശക്തിയുമെടുത്തുള്ള പോരാട്ടത്തിലാണ് യു ഡി എഫ് പ്രവർത്തകരും സ്ഥാനാർത്ഥി വി . കെ ശ്രീകണ്ഠനും. 2014ൽ ഇടതുസ്ഥാനാർത്ഥി എം. ബി രാജേഷ് വലിയ മാർജിനിൽ ജയിച്ചു കയറിയെങ്കിലും 2009ലെ കണക്കിൽ ഉറച്ചു വിശ്വസിച്ച് ആത്മവിശ്വാസത്തോടെ നീങ്ങുകയാണ് കോൺഗ്രസും യു ഡി എഫും. കാരണം, 2009 ൽ വെറും 1820 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി, രാജേഷിനോട് അടിയറവ് പറഞ്ഞത്. അതുകൊണ്ട് മണ്ഡലത്തിന്റെ യു ഡി എഫ് ചായ്‌വ് സുവ്യക്തമാണെന്ന നിഗമനത്തിലാണ് യു ഡി എഫ് മെഷിനറി പാലക്കാട് ചലിക്കുന്നത്. ചിട്ടയായ പ്രവർത്തനം വഴി മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ്.

എന്നാൽ വിജയത്തിൽ കുറഞ്ഞ ഒന്നും ചിന്തിക്കാനില്ലെന്ന കരുതലോടെ ഇടതുമുന്നണിയും നീങ്ങുന്ന അവസ്ഥയിൽ പാലക്കാടൻ പോരാട്ടത്തിന് തീക്കാറ്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് തന്നെ ഡി സി സി അധ്യക്ഷൻ കൂടിയായ ശ്രീകണ്ഠൻ പാലക്കാട് ജില്ലയിൽ നടത്തിയ പദയാത്ര ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ട് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ സുപരിചിത്വം നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് യു ഡി എഫ് പ്രവർത്തകർ പറഞ്ഞു.

കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണുർ, പട്ടാമ്പി എന്നീ അസംബ്ലി മണ്ഡലങ്ങൾ ചേർന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. 1967ൽ ഇ. കെ നായനാരും 71ൽ എ.  കെ ഗോപാലനും പ്രതിനിധീകരിച്ച മണ്ഡലമാണ് ഇത്. എന്നാൽ 1977 മുതൽ 91 വരെ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ച മണ്ഡലം കൂടിയാണ് പാലക്കാട്. എ. സുന്നസാഹിബും വി.  എസ് വിജയരാഘവനുമായിരുന്നു കോൺഗ്രസിന്റെ വിജയക്കൊടി പാറിച്ചത്. അതുകൊണ്ട് മണ്ഡലത്തിൽ യു ഡി എഫിന് ഉറച്ച വേരോട്ടമുണ്ട്. ഈ അടിത്തറയാണ് ശ്രീകണ്ഠന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ്.
ഇക്കുറി ആരെന്ന കാര്യത്തിൽ മെയ് 23നു പെട്ടി തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പാലക്കാടൻ കാറ്റ് പറയുന്നത്. അത്രക്ക് കനത്തതാണ് മണ്ഡലത്തിലെ പോരാട്ടം.

എന്നാൽ കാർഷിക ജില്ലയായ പാലക്കാട്ടെ കർഷകർ നേരിടുന്ന പ്രതിസന്ധി എൽ ഡി എഫ് കേന്ദ്രങ്ങളിൽ ചെറുതല്ലാത്ത ആശങ്ക പടർത്തുന്നു. ഒപ്പം വികസന രംഗത്ത് പാലക്കാട് പിന്നോക്കം നിൽക്കുന്നുവെന്നതും രാജേഷിനെതിരെ ഉയരുന്ന ശക്തമായ വിമർശനമാണ്. ആദ്യലാപ്പിൽ അൽപം ആലസ്യത്തിലായ യു ഡി എഫ് ക്യാമ്പ് പിന്നീട് സട കുടഞ്ഞെഴുന്നേൽക്കുന്ന ചിത്രമാണ് പാലക്കാട് കണ്ടത്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തകർ നീങ്ങുമ്പോൾ പാലക്കാട് അക്ഷരാർത്ഥത്തിൽ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.

Read more

പാലക്കാട്ടെ സി പി എമ്മിനുള്ളിൽ പുകയുന്ന ഗ്രൂപ്പിസമാണ് രാജേഷ് ക്യാമ്പിനെ അസ്വസ്ഥമാക്കുന്ന പ്രധാന ഘടകം. പാലക്കാട്ടെ പാർട്ടിയിലെ അതിശക്തൻ എന്ന് വിശേഷിപ്പിക്കാവുന്ന പി. കെ ശശി എം എൽ എക്കെതിരായ ലൈംഗിക ആരോപണത്തിന്റെ പുകപടലം ഇനിയും അടങ്ങിയിട്ടില്ല. പുറമെ അണഞ്ഞുവെങ്കിലും അടിയിൽ കനലായി കിടക്കുന്ന ഈ പ്രശ്നം ശക്തമായ അടിയൊഴുക്കുകൾക്ക് ഇവിടെ കാരണമാകുമെന്ന പ്രശ്‌നമുണ്ട്. ശശിക്കെതിരായ ആരോപണത്തിന് പിന്നിൽ രാജേഷാണെന്ന പ്രചാരണം പാർട്ടിയിലെ ഒരു വിഭാഗത്തെ പ്രവർത്തനരംഗത്ത് തളർത്തിയിട്ടുമുണ്ട് . ഒപ്പം ഇടതു സ്ഥാനാർത്ഥി മുൻ ശബരിമല മേൽശാന്തിയെ സന്ദർശിച്ചതും പുതിയ വിവാദങ്ങൾക്ക് വഴി മരുന്നിട്ടുണ്ട്. ശബരിമല വിഷയം കത്തി നിന്നപ്പോൾ ചാനൽ ചർച്ചകളിൽ വീറോടെ വാദിച്ച ചുരുക്കം സി പി എം നേതാക്കളിൽ ഒരാളാണ് രാജേഷ്. അതുകൊണ്ട് രാജേഷിന്റെ സന്ദർശനം മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്.