മുൻവൈരാഗ്യത്തെ തുടർന്ന് കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

മുൻവൈരാഗ്യത്തെ തുടർന്ന് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. അനിൽകുമാർ ശിക്ഷ വിധിച്ചത്. 2019 മേയ് 22-നായിരുന്നു കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് കല്ലായി കണ്ണഞ്ചേരി സ്വദേശി മാടായി വീട്ടിൽ ബാബുരാജനെ (48) കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പൊക്കുന്ന് സ്വദേശി മുരളി (44)യെ ശിക്ഷിച്ചത്.

പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടുണ്ട്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി മൂന്നുവർഷം കൂടി അധിക തടവ് അനുഭവിക്കണം. 2019 മേയ് 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ബാബുരാജനോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രതി, ഇയാളെ നഗരത്തിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയും ഇവിടെയുണ്ടായിരുന്ന കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.

കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ഗുരുതരമായ പരിക്കായിരുന്നു ബാബുരാജന്റെ മരണകാരണം. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നുപേർ വിചാരണ വേളയിൽ കൂറുമാറി.

കോഴിക്കോട് ടൗൺ പോലീസ് ഇൻസ്‌പെക്ടർമാരായ ബിനു ടി. എസ്, ഉമേഷ് എ. എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. നിതിത ചക്രവർത്തിനി എന്നിവരാണ് ഹാജരായത്.