അതിഥി തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് പരാതി. തൃശൂര്‍ തൃപ്രയാറാണ് സംഭവം. ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് ആല്‍മരത്തിന് മുകളിലേക്ക് തൊഴിലാളികളെ കയറ്റിയ ശേഷം മലയാളിയായ ആള്‍ ഫോണും പണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി.
ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ച് വെച്ചാണ് ഇയാള്‍ അതിഥി തൊഴിലാളികളെ മരത്തിന് മുകളില്‍ കയറ്റിയത്. തുടര്‍ന്ന് തോര്‍ത്തു മാത്രം ഉടുത്ത് തൊഴിലാളികള്‍ ചേര്‍ക്കര റോഡരികിലെ ആല്‍മരത്തിന് മുകളില്‍ കയറി.
ആലില പറിക്കുന്നതിനിടെ ഇയാള്‍ തൊഴിലാളികളുടെ വസ്ത്രങ്ങളും 16000 രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പണവുമായി മുങ്ങുകയായിരുന്നു. അമളിപറ്റിയെന്ന് അറിഞ്ഞ തൊഴിലാളികള്‍ ആലിന് മുകളില്‍ നിന്നും വേഗം ഇറങ്ങിയെത്തിങ്കിലും അപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.
അതിഥി തൊഴിലാളികള്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് അവരുടെ കൈവശമുണ്ടായിരുന്ന മോഷണം നടത്തിയ ആളുടെ മൊബൈല്‍ നമ്പര്‍ പൊലീസിന് കൈമാറി. എന്നാല്‍ അതിലേക്ക് വിളിച്ചു നോക്കിയെങ്കിലും ആരും പ്രതികരിച്ചില്ല എന്നാണ് വിവരം. ലഭിച്ച നമ്പര്‍ ജാര്‍ഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.