ഹര്‍ത്താലിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ വലിയ വീഴ്ച, ഇന്നലെ രാത്രി കരുതല്‍ അറസ്റ്റുണ്ടായില്ല,

പോപ്പുലര് ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ ആക്രമങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് സംവിധാനത്തിന്റെ വന്‍ വീഴ്ചയെന്ന് സൂചന. ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചങ്കില്‍ ഈ ആക്രമങ്ങള്‍ തടയാമായിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള പ്രദേശങ്ങള്‍, ആ പ്രദേശങ്ങളില്‍ സംഘടനയെ നയിക്കുന്നവര്‍ ഇവരെക്കുറിച്ചൊക്കെ ആഭ്യന്തര വകുപ്പിനും, ഇന്റലിജന്‍സിനും കൃത്യമായ വിവരങ്ങള്‍ ഉണ്ട്. അത്തരം ഇടങ്ങളില്‍ സായുധ പൊലീസിനെ വിന്യസിക്കുകയും, നേതാക്കളെ കരുതല്‍ അറസ്‌ററിന് വിധേയമാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ ഈ വ്യാപകമായ ആക്രമങ്ങള്‍ തടയാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത്തരത്തിലൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

കേന്ദ്ര ഇന്റെലിജന്‍സ് വൃത്തങ്ങളില്‍ നിന്ന് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടക്കുന്ന റെയ്ഡിനെക്കുറിച്ചും നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചും കൃത്യമായ ധാരണകള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ പ്രത്യാഘാതം നേരിടാനുളള നടപടികള്‍ കൈക്കൊള്ളേണ്ട ഉത്തരവാദിത്വവും അവരുടേതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു മുന്‍ കരുതല്‍ നടപടികളും കൈക്കൊളളാന്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും ഇന്റലിജന്‍സിനും കഴിഞ്ഞില്ല.

Read more

പത്തോളം സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു. അവിടെ നിന്നൊക്കെ നേതാക്കളെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഈ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മറ്റു സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ നടത്തിയാല്‍ ശക്തിയായി കൈകാര്യം ചെയ്യപ്പെടുമെന്ന് പോപ്പുലര്‍ ഫ്രണ്ടിനറിയാം എന്നത് കൊണ്ടാണ് അവിടെ അക്രമ സംഭവങ്ങള്‍ അരങ്ങേറാതിരുന്നത്. അതേ സമയം കേരളത്തില്‍ രാവിലെ ആദ്യ ഘട്ടം അക്രമ സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. പിന്നീട് ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കേസെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് കരുതല്‍ അറസ്‌ററുള്‍പ്പെടെയുളള കാര്യങ്ങളിലേക്ക് നീങ്ങിയത്.