ശശീന്ദ്രൻറെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ പ്രതിഷേധം; നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമം, കണ്ണീർ വാതകം, അറസ്റ്റ്

എൻ.സി.പി നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ  ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രൻ രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. നിയമസഭ സമ്മേളനം നടക്കുന്നതിനിടെ  നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ഉച്ചയോടെ വീണ്ടും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചെത്തി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം നടന്നതോടെ പൊലീസ് നാല് തവണ ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി. പൂവൻ കോഴിയുമായായായിരുന്നു പ്രതിഷേധ൦.

അതേസമയം സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. സ്വമേധയാ ഗവർണർക്ക് പരാതി നൽകുന്നതാണെന്ന് വ്യക്തമാക്കിയ യുവതി ബി ജെ പിയുടെ പിന്തുണ തനിക്കുണ്ടെന്നും വ്യക്തമാക്കി. മന്ത്രിക്കെതിരായ പരാതിയിൽ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി പറഞ്ഞു.