മാടപ്പള്ളി പൊലീസ് അതിക്രമം കാടത്തം; സില്‍വര്‍ലൈന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല: വി. മുരളീധരന്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പദ്ധതിക്ക് കേന്ദ്രം ഇത് വരെ അനുമതി നല്‍കിയിട്ടില്ലെന്നും ഡിപിആര്‍ തയ്യാറാക്കാന്‍ മാത്രമാണ് അനുമതിയെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാടപ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെ ഉണ്ടായ അതിക്രമം കാടത്തമാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ ഉണ്ടായ പൊലീസിന്റെ അതിക്രമം അപമാനകരമാണെന്നും ഇത് ചെയ്തവരാണ് ശബരിമലയില്‍ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഏകാധിപതിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സില്‍വര്‍ലൈന്‍ ജനങ്ങളുടെ പദ്ധതിയാണെന്നും ജനങ്ങളുമായി സംവദിച്ചുവെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചില പണക്കാരോട് മാത്രമാണ് ചര്‍ച്ച നടത്തിയത് എന്നും മുരളീധരന്‍ വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി ബിജെപി അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചങ്ങനാശേരിയിലെ മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് പൊലീസിന്റെ അതിക്രമം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയും സ്ത്രീകളെ നിലത്ത് വലിച്ചിഴക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ നടത്തുകയാണ്. യുഡിഎഫും ഹര്‍ത്താലിന് പിന്തുണയേകിയിട്ടുണ്ട്.