ജമാഅത്തെ ഇസ്ലാമി ബന്ധമാണ് മീഡിയ വണ്ണിനെ ദേശവിരുദ്ധരെന്ന് വിളിക്കാന്‍ കാരണമെങ്കില്‍, അതൊരു നിരോധിത സംഘടനയല്ല; എംഎ ബേബി

മീഡിയ വണ്‍ സംപ്രേഷണ വിലക്കിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എം എ ബേബി പറഞ്ഞു.

ലോകമെങ്ങും എക്കാലവും അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ഈ ന്യായമാണ് സ്വേച്ഛാധിപത്യ ശക്തികള്‍ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മീഡിയ വണ്ണിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാന്‍ കാരണമെങ്കില്‍, ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നുവെന്നും ബേബി പറഞ്ഞു.

അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ജനാധിപത്യ രാജ്യത്ത് അവര്‍ക്ക് അവകാശമുണ്ട്. സിപിഐഎം, അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങള്‍ക്കെതിരേ ശക്തമായപ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതൂപോലെ ജമായത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തില്‍ വിശ്വാസിക്കുന്നവരെല്ലാം മീഡിയ വണ്ണിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.