എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28-ന്; അതുവരെ അറസ്റ്റ് ചെയ്യരുത്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28-ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യ ഹർജി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം പരിശോധിച്ചതിനു ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു.

ചൂടേറിയ വാദപ്രതിവാദങ്ങളാണ് ഹര്‍ജി പരിഗണിക്കവേ കോടതിയിലുണ്ടായത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡി. പറഞ്ഞു. സ്വപ്ന ഒരു മുഖം മാത്രമാണെന്നും എല്ലാം നിയന്ത്രിച്ചത് ശിവശങ്കറാണെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു.

അതേസമയം കേസുകള്‍ ശിവശങ്കറിന്റെ ജീവിതം തകര്‍ത്തെന്നും സമൂഹത്തില്‍ വെറുക്കപ്പെട്ടവനായെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.