ശിവശങ്കർ ഐസിയുവിൽ തുടരുന്നു; മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം  കസ്റ്റംസ് തുടർനടപടികളിൽ തീരുമാനമെടുക്കും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐസിയുവിൽ തുടരുന്നു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ഡിസ്ക് തകരാര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ശിവശങ്കറിനെ  മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെയാണ്  ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.

അതേസമയം ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇനി കസ്റ്റംസിന്‍റെ തുടർനീക്കം.