മുന്‍ കേന്ദ്രമന്ത്രി എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി വിരേന്ദ്രകുമാര്‍ (83) അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു.

മൃതദേഹം രാവിലെ കോഴിക്കോട് എത്തിച്ച ശേഷം 11- ന് കല്‍പ്പറ്റയ്ക്ക് കൊണ്ടു പോകും. സ്വദേശമായ കല്‍പ്പററയാണ് സംസ്‌കാര ചടങ്ങുകള്‍.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച രാഷ്ട്രീയ നേതാവായിരുന്നു വീരേന്ദ്രകുമാര്‍. ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), ജനതാദള്‍ (യുണൈറ്റഡ്) എന്നിവയുടെ മുന്‍ സ്ഥാപക നേതാവാണ്.

കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987- ൽ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു.

മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി(ഐ എൻ എസ് )യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പി ടി ഐ ഡയറക്ടർ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരുന്നു.

Read more

1936 ജൂലൈ 22- ന് വയനാട്ടിലെ കല്‍പറ്റയിൽ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന പരേതനായ എം കെ പത്മപ്രഭാഗൗഡർ. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം ബി എ ബിരുദവും നേടി. 1992-‐93, 2003-‐04, 2011-‐12 കാലയളവിൽ പി ടി ഐ ചെയർമാനും 2003-‐04 ൽ ഐ എൻ എസ് പ്രസിഡന്റുമായിരുന്നു. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ജയപ്രകാശ് നാരായൺ ആണ് സോഷ്യലിസ്‌റ്റ്‌ പാർട്ടിയിൽ അംഗത്വം നല്‍കിയത്. ഭാര്യ : ഉഷ. മക്കൾ : ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാർ(മാതൃഭൂമി ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്ടർ )