കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ റവന്യു മന്ത്രിയെ പിന്തുണച്ച് എംഎം മണി

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ റവന്യു മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മന്ത്രി എം എം മണി കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ റവന്യു മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി. ഇടുക്കി ജില്ലയിലെ കുറഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയെ കുറിച്ച് റവന്യുമന്ത്രി പറഞ്ഞത് ശരിയെന്നാണ് എംഎം മണിയുടെ അഭിപ്രായം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കുറിഞ്ഞി ഉദ്യോനത്തിന്റെ അളവിനെ കുറിച്ച് വ്യക്തത വരൂ. നേരത്തേ ഇറക്കിയ വിജഞാപനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

റവന്യു അഡിഷണല്‍ സെക്രട്ടറി പി എച്ച് കുര്യനും റവന്യു മന്ത്രിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനിടെയാണ് എംഎം മണി റവന്യു മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയത്.

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ വിജ്ഞാപനത്തില്‍ തെറ്റുണ്ടെന്ന് മന്ത്രി എംഎം മണി. വേണ്ടത്ര പരിശോധനകള്‍ നടത്തിയല്ല വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. അതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജോയ്സ് ജോര്‍ജിന്റെ ഭൂമി കുറിഞ്ഞി ഉദ്യാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് തനിക്കറിയില്ല. മന്ത്രിതല സംഘം കുറിഞ്ഞി ഉദ്യാനത്തിലെത്തി പരിശോധന നടത്തുമെന്നും മന്ത്രി എംഎം മണി പറഞ്ഞു. മൂന്നാറില്‍ ഭൂപ്രശ്നം തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇനി തുടങ്ങും. പട്ടയമുള്ളവരെ ഒഴിവാക്കിയാവും കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍മൂല്യ നിര്‍ണണയമെന്നും മന്ത്രി വ്യക്തമാക്കി.