തിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി നേതാവുമായുളള സൗഹൃദം എന്ത് സന്ദേശമാണ് വോട്ടര്‍മാര്‍ക്കും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത്; മന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്

അരൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം നേതാക്കള്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വിവാദം കെട്ടടങ്ങുന്നില്ല. പി. ജയരാജയനും മന്ത്രി തോമസ് ഐസക്കും ബി.ജെ.പി നേതാവ് ജയകുമാറിന്റെ ഭവന സന്ദര്‍ശനം നടത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ തോമസ് ഐസക് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി നേതാവുമായുളള സൗഹൃദം പങ്കിടുകയും അതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ എന്ത് സന്ദേശമാണ് വോട്ടന്മാര്‍ക്കും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും നല്‍കുന്നതെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“ജൈവകര്‍ഷകന് പുറമേ ബി.ജെ.പി നേതാവ് കൂടിയായ ശ്രീ ജയകുമാറിനെ താങ്കള്‍ക്ക് അറിയാതിരിക്കാന്‍ തരമില്ലല്ലോ ? പറയുമ്പോള്‍ എല്ലാം പറയണമെല്ലോ. അതല്ലേ അന്തസ്”- എന്ന് ലിജു കുറിച്ചു.

ജൈവ കര്‍ഷകനായ ജയകുമാറിന്റെ വീട്ടിലാണ് സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് ലിജുവിന്റെ കുറിപ്പ്

ഫെയ്‌സ്ബുക്ക് കുറിപ്പ്

ബഹുമാന്യനായ ശ്രീ തോമസ് ഐസക്ക്,

പി ജയരാജനും താങ്കളും ബി.ജെ.പി നേതാവ് ജയകുമാറിന്റെ ഭവന സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിച്ചുകൊണ്ടുള്ള താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. അരൂരില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ അരൂരിലെ ബി.ജെ.പി യുടെ മുതിര്‍ന്ന നേതാവുമായി സൗഹൃദം പങ്കിടുകയും അതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങള്‍ വോട്ടര്‍മാര്‍ക്കും കമ്മ്യൂണിസ്‌ററ് പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത്?

താങ്കളുടെ ന്യായീകരണ പോസ്റ്റിലെ വിട്ടുപോയ ഭാഗം ഞാന്‍ പൂരിപ്പിക്കുന്നു. “ജയകുമാര്‍ ജി” അരൂരില്‍ രണ്ട് വട്ടം ബി.ജെ.പി യുടെ നിയമസഭാ സ്ഥാനാര്‍ഥി ആയിരുന്നു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും കുത്തിയതോട് ബ്ലോക്ക് പഞ്ചായത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കുത്തിയത്തോട് ഗ്രാമപഞ്ചായത്ത് മെമ്പറും ആയിരുന്നു. ഇതിനെല്ലാം ഉപരി അരൂരിലെ ആര്‍.എസ്.എസ് ആദ്യകാല നേതാവാണ്.
ജൈവകര്‍ഷകന് പുറമേ ബി.ജെ.പി നേതാവ് കൂടിയായ ശ്രീ ജയകുമാറിനെ താങ്കള്‍ക്ക് അറിയാതിരിക്കാന്‍ തരമില്ലല്ലോ ? പറയുമ്പോള്‍ എല്ലാം പറയണമെല്ലോ. അതല്ലേ അന്തസ് !

എം.ലിജു
ഡി.സി.സി പ്രസിഡന്റ്
ആലപ്പുഴ