ലുലുമാള്‍ അവശ്യ സര്‍വ്വീസോ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുന്നു

ദേശീയ വ്യാപകമായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. അതിനിടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് ലുലുമാള്‍. ദ്വിദിന പണിമുടക്കിലെ ഇളവുകള്‍ നല്‍കിയ കൂട്ടത്തില്‍ ലുലുമാള്‍ പെട്ടതോടെയാണ് പത്രക്കട്ടിംഗുമായി സോഷ്യല്‍മീഡിയ ഈ ചോദ്യം ഉന്നയിക്കുന്നത്. പാല്‍, പത്രം, ആശുപത്രി, എ ടിഎം, ആംബുലന്‍സ്, കൊലിഡ് പ്രതിരോധം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയവയ്ക്ക് ഇളവുണ്ടെന്നാണ് അറിയിപ്പ്.

അതിനിടെ ഇന്ന് പുറത്തിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയില്‍ അവശ്യ സര്‍വ്വാസുകള്‍ക്കൊപ്പം ലുലുമാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ വാര്‍ത്തയുടെ ചിത്രം അടക്കം ഉള്‍പ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്. തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കില്‍ അണിചേരും. വ്യാപാര മേഖലയിലെ സംഘടനകളോടും ചേംബര്‍ ഓഫ് കൊമേഴ്‌സിനോടും സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യം നില്‍ക്കെയാണ് ലുലു മാളിനുള്ള ഇളവ് ചര്‍ച്ചയാവുന്നത്.

ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കൊച്ചിയില്‍ ലുലുമാള്‍ അടച്ചിട്ടിരിക്കുകയാണ്.