എത്ര കന്യാസ്ത്രീകളാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്; ഈ മരണങ്ങളുടെ പാപക്കറ അങ്ങയുടെ കൈകളിൽ തെളിഞ്ഞ് കൊണ്ടേയിരിക്കും, കെ.സി.ബി.സി അദ്ധ്യക്ഷന് സിസ്റ്റർ ലൂസിയുടെ കത്ത്

കന്യാസ്ത്രീകൾ മരിക്കുന്ന സംഭവങ്ങളിൽ കെ.സി.ബി.സി അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കത്തയച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ.

കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വർക്കേഴ്സ് ഓഫ് സെൻറ്​ ജോസഫ് കോൺവെൻറിലെ സി. മേബിൾ ജോസഫ് എന്ന കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സിറ്ററുടെ തുറന്ന കത്ത്.

മറ്റുള്ളവർക്കായി തങ്ങളുടെ ജീവിതം തന്നെ സമർപ്പിക്കാൻ തയ്യാറായി സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് ആ തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല എന്നിപ്പോൾ ബോധ്യമായിരിക്കുന്നെന്ന് അവർ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

KCBC അധ്യക്ഷൻ കർദിനാൾ ജോർജ് ആല‌ഞ്ചേരിക്ക് ഒരു തുറന്ന കത്ത്
ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവേ,
അങ്ങയെപ്പോലുള്ളവരെ “പിതാവേ” എന്ന് അഭിസംബോധന ചെയ്യുന്നത്, ഞാനുൾപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മുഴുവൻ ഒരു കുടുംബനാഥനെപ്പോലെ നിലകൊണ്ടുകൊണ്ട് കനിവും കരുതലും സംരക്ഷണവും നൽകാൻ ചുമതലപ്പെട്ട ആ പദവിക്ക് നൽകി വരുന്ന ബഹുമാനം കൊണ്ട് മാത്രമാണ്. എന്നാൽ ഇത്രയും ഉന്നതമായ ആ സ്ഥാനത്തിരുന്നുകൊണ്ട് അങ്ങുൾപ്പെടുന്ന ക്രൈസ്തവ നേതൃത്വം ഇന്ന് ചെയ്തുവരുന്നതെന്താണ്? ക്രൈസ്തവ ധർമ്മവും യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളൂം മറന്നുകൊണ്ട് ആത്മീയതയെ കച്ചവടച്ചരക്കാക്കി ഈ നാട്ടിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ പാവപ്പെട്ട അൽമായരെ പിഴിഞ്ഞെടുത്തുണ്ടാക്കിയ പണം കൊണ്ട് തിന്നു ചീർത്തപ്പോൾ, നിരാലംബരായ മനുഷ്യ ജന്മങ്ങൾ കൺമുന്നിൽ കിടന്ന് പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും തിരിഞ്ഞു നോക്കാൻ പോലും തോന്നാത്ത അവസ്ഥയിലെത്തിയിരിക്കുകയല്ലേ അങ്ങുൾപ്പെടുന്ന പുരോഹിത നേതൃത്വം.
അങ്ങയുടെ കൺമുന്നിലല്ലേ ഞാനുൾപ്പെടുന്ന കന്യാസ്ത്രീ സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കിരയാക്കപ്പെട്ട് കന്യാമഠത്തിന്റെ ചുവരുകൾക്കുള്ളിൽ എരിഞ്ഞടങ്ങുന്നത്? അങ്ങയുടെ കൺമുന്നിലല്ലേ ലൈംഗിക ചൂഷണമുൾപ്പെടെ അതിക്രൂരമായ പീഡനങ്ങൾക്കിരയാക്കപ്പെട്ട് ഒടുവിൽ കന്യാമഠങ്ങളുടെ പിന്നാമ്പുറത്തെ കിണറുകളിൽ കന്യാസ്ത്രീകളുടെ വിറങ്ങലിച്ച മൃതശരീരങ്ങൾ നിരന്തരം പൊന്തിവരുന്നത്? ഓരോ തവണയും കൊല്ലപ്പെട്ട ആ സഹോദരിമാരുടെ ജീവനറ്റ ശരീരങ്ങളുടെ ദൃശ്യങ്ങൾ വാർത്തകളിൽ കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവർ അനുഭവിച്ച നരകയാതനകൾ എന്റെ കൺമുന്നിൽത്തെളിയാറുണ്ട്. പക്ഷേ അവരെ മരണശേഷം വീണ്ടും വീണ്ടും കൊന്നുകൊണ്ട് ആ മരണങ്ങളെയൊക്കെ ആത്മഹത്യകളായി എഴുതിത്തള്ളാനും അവരെ മനോരോഗികളായി ചിത്രീകരിക്കാനുമല്ലാതെ അവർക്ക് വേണ്ടി ഒരക്ഷരം ഉരിയാടാൻ അങ്ങയോ, അങ്ങ് നേതൃത്വം നൽകുന്ന അഭിവന്ദ്യ മെത്രാൻമാരോ ഇന്നുവരെ മിനക്കെട്ടിട്ടുണ്ടോ?
അങ്ങയുടെ എല്ലാ ഒത്താശയോടും കൂടിയല്ലേ സിസ്റ്റർ അഭയ എന്ന നിരാലംബയായ കന്യാസ്ത്രീയെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ കോടതി ശിക്ഷിച്ച കുറ്റവാളികളെ ന്യായീകരിച്ച് വിശുദ്ധരാക്കാൻ കോടിക്കണക്കിന് രൂപ ചിലവിട്ട് സംഘടിത പ്രചാരണങ്ങൾ നടത്തിയത്? നിങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളും സഭാ വക്താക്കളും വിലക്കെടുത്ത വിദഗ്‌ധരുമെല്ലാം ചേർന്ന് കുറ്റവാളികളെ ന്യായീകരിച്ച് വെളുപ്പിക്കാൻ മത്സരിക്കുമ്പോൾ കൊല്ലപ്പെട്ട അഭയയ്ക്ക് വേണ്ടി ഒരു വാക്ക് പറയാൻ പോലും കഴിയാത്ത കുടിലതയുടെ പര്യായമായി മാറാൻ അങ്ങുൾപ്പെടുന്ന പുരോഹിത മേലാളന്മാർക്ക് കഴിഞ്ഞത് എങ്ങനെയാണ്?
ഇപ്പോഴിതാ ഒരു കന്യാസ്ത്രീയുടെ ജീവനറ്റ ശരീരം കൂടി കന്യാമഠത്തിലെ കിണറ്റിൽ പൊങ്ങിയിരിക്കുന്നു. കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റിലെ സി. മേബിൾ ജോസഫ് എന്ന കന്യാസ്ത്രീയാണ് ഇത്തവണ കിണറിന്റെ ആഴങ്ങളിൽ പിടഞ്ഞു മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടത്രെ. അതെന്തായാലും നന്നായി. ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളെയെല്ലാം മനസികരോഗികളാക്കാറാണല്ലോ പതിവ്. ഇത്തവണ ആരോഗ്യ പ്രശ്നങ്ങളാക്കാൻ സന്മനസ് കാണിച്ചതിന് വളരെ നന്ദിയുണ്ട്.
ദിവ്യ പി ജോൺ എന്ന സന്ന്യാസ അർത്ഥിനി സമാനമായ നിലയിൽ അവളുടെ കോൺവെന്റിലെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇന്നലെക്കഴിഞ്ഞതുപോലെ ഓർക്കുന്നു. എന്താണ് ആ കേസിന്റെ ഇന്നത്തെ അവസ്ഥ എന്നൊന്ന് ആലോചിച്ചാൽ മാത്രം മതി നിരാലംബരായ കന്യാസ്ത്രീകളുടെ ജീവന് ഇവരൊക്കെ എത്ര വിലകൊടുക്കുന്നുണ്ടെന്ന് മനസിലാക്കാൻ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജെസ്സിനാ തോമസിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം വഴിമുട്ടുമ്പോഴും ഒരു ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ പോലും ഒരു പുരോഹിത പ്രമാണിക്കും ഇതുവരെ തോന്നിയിട്ടില്ല. കഴിഞ്ഞ പത്തുവര്ഷങ്ങള്ക്കിടയിൽത്തന്നെ എത്രയധികം കന്യാസ്ത്രീകളാണ് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്? ക്രൂരതക്കിരയാക്കപ്പെടുന്ന തെരുവു നായ്ക്കൾക്ക് പോലും ചോദിക്കാനാളുണ്ട്. പക്ഷേ മറ്റുള്ളവർക്കായി തങ്ങളുടെ ജീവിതം തന്നെ സമർപ്പിക്കാൻ തയ്യാറായി സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് ആ തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല എന്നിപ്പോൾ ബോധ്യമായിരിക്കുന്നു.
ജീവിതത്തിന്റെ നല്ലകാലമെല്ലാം സഭാസ്ഥാപനങ്ങളിൽ അടിമകളെപ്പോലെ പണിയെടുത്തിട്ട് ഒടുവിൽ രോഗപീഡകളാൽ ബുദ്ധിമുട്ടുന്ന കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ബൈബിൾ വചനങ്ങളും പ്രാർത്ഥനകളും മാത്രമുയരുന്ന സന്ന്യാസ ഭവനങ്ങളിൽ “സന്തുഷ്ട ജീവിതം” ജീവിക്കുന്നവർ എന്ന് കരുതപ്പെടുന്ന കന്യാസ്ത്രീകൾ മനോരോഗികളാകുന്ന വാർത്ത നിരന്തരം കേൾക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ക്രൈസ്തവ യുവതികൾ അന്യമതസ്ഥരെ പ്രണയിച്ചുപോകുമോ എന്ന ഭയത്താൽ “പഠനശിബിരം” സംഘടിപ്പി ക്കാൻ വെമ്പൽ കൊള്ളുന്ന ബിഷപ്പുമാർക്ക് കന്യാമഠങ്ങൾക്കുള്ളിൽ കൊലചെയ്യപ്പെടുന്ന കന്യാസ്ത്രീകളുടെ കാര്യം വരുമ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നതെന്തുകൊണ്ടാണ്? നിങ്ങളെപ്പോലുള്ളവരെയാണോ ഈ നാട്ടിലെ വിശ്വാസിസമൂഹം ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണേണ്ടത്? ഈ നാട്ടിലെ ഒരു സാധാരണ ക്രൈസ്തവ വിശ്വാസി കർദ്ദിനാൾ ആലഞ്ചേരിയിൽ നിന്നും അങ്ങ് നേതൃത്വം നൽകുന്ന മെത്രാൻ സമിതിയിൽ നിന്നും പഠിക്കേണ്ടതെന്താണ്?
കഴിഞ്ഞ ഏതാനം വര്ഷങ്ങള്ക്കുള്ളിൽ ഒന്നും രണ്ടുമല്ല, മുപ്പതിലധികം കന്യാസ്ത്രീകളാണ് ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. കെസിബിസി എന്ന പരമോന്നത മെത്രാൻ സമിതിയുടെ തലവനായ അങ്ങ് ഈ വിഷയത്തിൽ ഇന്നുവരെ കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്തൊക്കെയാണ്? ഓരോ മരണവും നടക്കുമ്പോൾ അതിനു കാരണക്കാരായവർക്കെതിരെയും തെളിവുകൾ നശിപ്പിക്കാൻ കൂട്ട് നിന്നവർക്കെതിരെയും എന്ത് നടപടികളാണ് അങ്ങ് കൈക്കൊണ്ടിട്ടുള്ളത്? കന്യാസ്ത്രീ മരണങ്ങൾ തുടർക്കഥയാകുമ്പോഴും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണ് അങ്ങ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്?
പതിവുപോലെ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയും വിശ്വാസികളിൽ വർഗ്ഗീയവിഷം കുത്തിവച്ച് ജനശ്രദ്ധ തിരിച്ചുവിട്ടും രക്ഷപെടാൻ അങ്ങ് ശ്രമിക്കുമെന്നെനിക്കറിയാം. പക്ഷേ ഓമനിച്ച് വളർത്തി വലുതാക്കിയ തങ്ങളുടെ പെൺകുഞ്ഞുങ്ങളെ കന്യാസ്ത്രീയാകാൻ പറഞ്ഞയക്കുന്ന ഓരോ അപ്പനുമമ്മയും ഈ ചോദ്യങ്ങൾ അങ്ങയോടാവർത്തിക്കും. അവർക്ക് മുന്നിൽ അങ്ങയെപ്പോലുള്ളവരുടെ മൂടുപടം അഴിഞ്ഞു വീഴും. ഏത് വിശുദ്ധ ജലത്തിൽ കഴുകിയാലും ഈ മരണങ്ങളുടെയെല്ലാം പാപക്കറ അങ്ങയുടെ കൈകളിൽ തെളിഞ്ഞ് തെളിഞ്ഞ് വന്നുകൊണ്ടേയിരിക്കും!