ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും; കേരളത്തിൽ കനത്ത മഴ

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അതിശക്ത ന്യൂനമർദമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റായി മാറിയാൽ ബംഗ്ലാദേശ് നൽകിയ ‘നിസർഗ’ എന്ന പേരിൽ അറിയപ്പെടും. വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്

ബുധനാഴ്ചയോടെ ന്യൂനമർദ മേഖല ഉത്തര മഹാരഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്നും നാളെയും ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളിൽ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്‌.

അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം തുടരുകയാണ്. കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.