ധീര സൈനികനെ നഷ്ടമായി; റവന്യൂ മന്ത്രി പ്രദീപിന്റെ വീട്ടില്‍ എത്തി

കാനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനൊപ്പം മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ വീട് റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു. വ്യോമസേന വാറന്റ് ഓഫീസർ  പ്രദീപിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നും ധീര സൈനികനെയാണ് നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.

ദീപ്തമായ മനുഷ്യസ്നേഹത്തിന്റെ അടയാളം കൂടിയായിരുന്നു പ്രദീപ്. കേരളം മഹാപ്രളയത്തെ നേരിട്ടപ്പോൾ രക്ഷാപ്രവർത്തനത്തിനായി സ്വയം സന്നദ്ധമായി ഇറങ്ങി വന്ന ഓഫീസറായിരുന്നു പ്രദീപ്. കേരളം എന്നും നന്ദിയോടെ ഓർക്കുന്ന പേരായിരിക്കും പ്രദീപിന്റേത്. 2004 ൽ വ്യോമസേനയിൽ ജീവിതം ആരംഭിച്ച പ്രദിപ് ഇന്ത്യയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരവധിയായ വ്യോമസേനാ മിഷനുകളിലും അദ്ദേഹം പങ്കാളിയായി. അവസാന യാത്ര സംയുക്ത സേന മേധാവിയുടെ ഫ്ലൈറ്റ് ഗണ്ണർ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ്. കുടുംബത്തിന് മാത്രമല്ല ഒരു സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയാണ് പ്രദീപ് വിട നൽകുന്നത്. പ്രദീപിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭാര്യ ശ്രീലക്ഷ്മിയുടേയും മാതാപിതാക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും ദുഖത്തിൽ പങ്ക് ചേരുന്നെന്നും മന്ത്രി പറഞ്ഞു.

2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.