പത്തനംതിട്ടയില്‍ നിര്‍ണ്ണായകമാവുക ക്രിസ്ത്യന്‍ വോട്ടുകള്‍

ന്യൂനപക്ഷ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമായി മാറുന്നത് പത്തനംതിട്ടയിലെ വിധി നിര്‍ണ്ണയത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തും. കാഞ്ഞിരപ്പിള്ളി, തിരുവല്ല, പൂഞ്ഞാര്‍, റാന്നി എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ഭൂരിപക്ഷം ക്രിസ്ത്യന്‍ വിശ്വാസികള്‍ അധിവസിക്കുന്ന മേഖലകളാണ്. പൊതുവെ യു ഡി എഫ് ശക്തി കേന്ദ്രങ്ങള്‍ എന്ന് വിവക്ഷിക്കാവുന്ന ഈ മേഖലയുടെ വിധയെഴുത്തായിരിക്കും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ വിധി നിര്‍ണ്ണയിക്കുക. നിര്‍ണ്ണായകമായ നിരവധി വിഷയങ്ങള്‍ ഈ മേഖലയിലെ വോട്ടര്‍മാരെ വ്യക്തമായി സ്വാധീനിക്കും എന്നത് ഉറപ്പാണ്.

കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷമുള്ള ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളില്‍ കനത്ത ആശങ്ക ക്രിസ്ത്യന്‍ – മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ട്. ബി ജെ പി , ആര്‍ എസ് എസ് നേതാക്കള്‍ ഈയിടെ തുടര്‍ച്ചയായി നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ ഈ ആശങ്ക ശക്തമാക്കുന്നു. കടുത്ത ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് സീറ്റും ഉയര്‍ന്ന സ്ഥാനങ്ങളും നല്‍കുന്നത് ജാഗ്രതയോടെയാണ് ഇവര്‍ വീക്ഷിക്കുന്നത്. ബീഫ് അടക്കമുള്ള വിഭവങ്ങള്‍ക്ക് നിരോധനം വരുന്നത് പലരുടെയും ജീവിതം തന്നെ വഴിമുട്ടിക്കും. ബി ജെ പിക്ക് കേന്ദ്രത്തില്‍ തുടര്‍ഭരണം ഉണ്ടായാല്‍ ഇത്തരം ഭക്ഷണങ്ങളുടെ കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുമെന്ന് ഇവര്‍ ഭയക്കുന്നു. ശരിക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയത്തോടെയാണ് കേന്ദ്ര ഭരണത്തെ കാണുന്നത്. അതുകൊണ്ട് ക്രിസ്ത്യന്‍ മേഖലയില്‍ ബി ജെ പി പാടെ പിന്നോക്കം പോകുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ പ്രചാരണ സൂചനകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇത് തിരിച്ചടിയാകുമെന്ന് ബി ജെ പി ക്യാംപ് വിലയിരുത്തുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷ വിരുദ്ധത ആളിക്കത്തിച്ച്, ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തി വോട്ട് നേടാന്‍ ബി ജെ പി പത്തനംതിട്ടയില്‍ അരയും തലയും മുറുക്കിയിരിക്കുന്നത്. പക്ഷെ, ബി ജെ പിക്ക് പത്തനംതിട്ടയില്‍ സംഭവിക്കുന്ന തന്ത്രപരമായ പാളിച്ച ന്യൂന പക്ഷ വോട്ടുകളില്‍ ഒന്ന് പോലും അവര്‍ക്ക് അനുകൂലമാകില്ല എന്നതാണ്. ഓര്‍ത്തോഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ, പൊന്തുകോസ്ത വിഭാഗങ്ങളെല്ലാം ഈ ആശങ്ക ശ്കതമായി പങ്കു വയ്ക്കുന്നു എന്നതാണ് വസ്തുത. സ്വാഭാവികമായും ന്യൂനപക്ഷ വോട്ടുകള്‍ ബി ജെ പിക്ക് നല്‍കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകുമെന്ന് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കരുതുന്നു. ദേശീയ തലത്തില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ന്യൂനപക്ഷ വിഭാഗക്കാരുടെ പ്രാധിനിത്യം വളരെ കുറഞ്ഞതും ചര്‍ച്ചയായിട്ടുണ്ട്.

എന്നാല്‍, ഈ ഘടകങ്ങള്‍ അനുകൂലമാക്കാന്‍ എല്‍ ഡി എഫിന് കഴയുന്നില്ല എന്നതാണ് പ്രധാന കാര്യം. ചുരുങ്ങിയ കാലത്തേ ഇടതു ഭരണം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അനുകൂലമായ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. മറിച്ച് എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്ന നിരവധി നീക്കങ്ങള്‍ പിണറായി ഭരണത്തില്‍ ഉണ്ടായി എന്നതും പ്രസക്തമാണ്. ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ നടത്തിയ നീക്കം എല്ലാ സഭകള്‍ക്കും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. സഭകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തല്‍ക്കാലം ഈ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ശബരിമല വിഷയം പോലെ പറ്റിയ അവസരത്തില്‍ ഇത് വീണ്ടും കൊണ്ട് വരുമെന്ന് സഭകള്‍ ഭയക്കുന്നു. ഓര്‌ത്തോഡോക്‌സ് – യാക്കോബായ സഭ തര്‍ക്കത്തില്‍ ഓര്‍ത്തോഡോക്‌സ് സഭയെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന വ്യക്തമായ നിലപാടിലേക്ക് ദേവലോകം എത്തിയിട്ടുണ്ട്. അതനുസരിച്ച് ഓര്‍ത്തോഡോക്‌സ് സഭ തലവന്‍ പ്രതികരണം നടത്തുകയും ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ സഭകള്‍ ഒന്നടങ്കം ബി ജെ പിയെ കൈവെടിയുമ്പോള്‍ അത് വഴി നേട്ടം കൊയ്യാന്‍ എല്‍ ഡി എഫിന് കഴിയാത്ത സ്ഥിതിയുമുണ്ട്. അതുകൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ പരമ്പരാഗതമായി യു ഡി എഫിനെ തുണക്കുന്നതു പോലെ ഇത്തവണയും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് ഗുണം ചെയ്യാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.