ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു; മറുപടിയുമായി ലോകായുക്ത, കെടി ജലീലിന്റെ പേരെടുത്തുപറയാതെ വിമര്‍ശനം

വിമര്‍ശനങ്ങളില്‍ മറുപടിയുമായി ലോകായുക്ത. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിനോട് മറുപടിയില്ലെന്നും. തങ്ങളുടെ ജോലിയിയാണ്‌ചെയ്യുന്നതെന്നും ലോകായുക്ത വ്യക്തമാക്കി. സെക്ഷന്‍ 14 പ്രകാരം അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ടെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. കെടി ജലീലിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ലോകായുക്തയ്‌ക്കെതിരെ കെ ടി ജലീല്‍ ആരോപണങ്ങളുയര്‍ത്തിയത്. തക്കപ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നും കെടി ജലീല്‍ ആരോപിക്കുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ ആരോപണം. പിന്നാട് പോസ്റ്റ് ചെയ്ത കുറിപ്പില്‍
ലോകായുക്ത ജസ്റ്റിസിനെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകളും ജലീല്‍ പുറത്തുവിട്ടിരുന്നു.

എം.ജി സര്‍വകലാശാല വി.സിയായി ഡോ.ജാന്‍സി ജെയിംസിന്റെ നിയമനത്തിന് വേണ്ടി പ്രമാദമായ കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്തിയെന്ന ആരോപണം സാധൂകരിക്കുന്നതിനായി 2005ലെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ വിധിപകര്‍പ്പും അതുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന എംജി സര്‍വകലാശാലയിലെ വി.സി നിയമനത്തിന്റെ രേഖയും ജലീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.