ലോക്ക്ഡൗൺ ഇളവുകൾ; പ്രഖ്യാപനം ഇന്ന് നിയമസഭയിൽ

സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഇളവുകൾ ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. സംസ്ഥാനത്ത് ശനിയാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന രീതി മാറ്റി പകരം വാർഡുകളിലെ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗൺ.

തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി ഓൺലൈനിൽ ചർച്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും. പുതിയ മാറ്റങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.

നിലവിൽ ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് തുടര്‍ന്നു വരുന്നത്. ഇത് അശാസ്ത്രീയമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു മാറ്റി പകരം ഓരോ പ്രദേശത്തെയും ആകെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം കൊണ്ടുവരും.

Read more

ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും. പുതിയ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരും.