'ദുരിതാശ്വാസ ക്യാമ്പിലെ കഴുത'; മന്ത്രി ജി . സുധാകരനെതിരെ കവിതയുമായി സി.പി.എം ലോക്കല്‍ സെക്രട്ടറി

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ജി. സുധാകരനെ പരിഹസിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് കവിത. ചേര്‍ത്തല കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ ജി.പണിക്കരുടെ കവിതയും ഇതിനെതിരായ നടപടികളുമാണ് ഇപ്പോള്‍ വിവാദം സൃഷ്ടിക്കുന്നത്.

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചെന്ന് ആരോപണമുയരുകയും ലോക്കല്‍ കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടനെ ഉടനടി സസ്‌പെന്‍ഡ് ചെയ്തത സംഭവവും ഇതില്‍ രുക്ഷമായി പ്രതികരിച്ച ജി. സുധാകരന്റെ നടപടിയെയുമാണ് പ്രവീണ്‍ കവിതയില്‍ പരാമര്‍ശിച്ചത്. “ദുരിതാശ്വാസ ക്യാമ്പിലെ കഴുത” എന്ന പേരിലായിരുന്നു പ്രവീണ്‍ കവിത പോസ്റ്റ് ചെയ്തത്.

കവി കൂടിയായ മന്ത്രി ജി സുധാകരന്‍ മുമ്പ് രചിച്ച “സന്നിധാനത്തിലെ കഴുത” എന്നതിന് സമാനമായ പേരിലായിരുന്നു ലോക്കല്‍ സെക്രട്ടിയുടെയും രചന. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ നേതാക്കള്‍ക്കു വേണ്ടി പണിയെടുക്കുന്ന കഴുതയാണെന്ന പരോക്ഷ സൂചനയായിരുന്നു കവിതയിലുടനീളം പ്രവീണ്‍ പറയാന്‍ ശ്രമിച്ചത്.

നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ പേരാണ് ഓമനക്കുട്ടന്‍….
നീ ഇരിക്കുന്ന കൊമ്പന്റെ തൂണു പോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടന്‍…
നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍ കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍…

ജീവിതം കൊണ്ട് കവിത രചിച്ചോന്‍.. റോയലിറ്റി വാങ്ങാത്തോന്‍..
ആരാണ് നീ ഒബാമ.. ഇവനെ വിധിപ്പാന്‍… എന്ന പരാമര്‍ശം മുതല്‍

“സന്നിധാനത്തിലെ കഴുതയെപ്പോല്‍ ഒത്തിരിപ്പേര്‍ ചുമടെടുക്കുന്ന കൊണ്ടത്രേ, ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..” എന്നും പൂച്ചയ്ക്കാര് മണികെട്ടുമെന്നും കവിത ചോദിക്കുന്നു.

എന്നാല്‍ കവിതയ്ക്ക് ഫെയ്സ്ബുക്കില്‍ 10 മിനിറ്റ് മാത്രമായിരുന്നു ആയുസ്സുണ്ടായത്. വിവാദമായതോടെ ഉടന്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനിടെ ചിലര്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു പാര്‍ട്ടിനേതൃത്വത്തിനു കൈമാറിയതായും. റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തന്റെ കവിത മന്ത്രിക്കെതിരെ അല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ക്ക് എതിരെയായിരുന്നുവെന്നുമാണ് പ്രവീണിന്റെ പ്രതികരണം.

അതേസമം, കവിത വിവാദമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറി പ്രവീണിന് എതിരെ പോലീസ് മറ്റൊരു ആരോപണത്തില്‍ കേസെടുത്തതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ചേര്‍ത്തലയിലെ കയര്‍ സൊസൈറ്റിയില്‍ അതിക്രമിച്ചു കയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ നടപടിക്കും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കവിത പൂര്‍ണരൂപത്തില്‍

നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടന്‍.
നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടന്‍.
നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍
കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍.
ജീവിതം കൊണ്ട് കവിത രചിച്ചോന്‍.
റോയല്‍റ്റി വാങ്ങാത്തോന്‍…

ആരാണ് നീ ഒബാമ…
ഇവനെ വിധിപ്പാന്‍…