കൊച്ചി മെട്രോയിലെ ലിസി സ്റ്റേഷന്‍ ഇനി മുതല്‍ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍

കൊച്ചി മെട്രോ സംവിധാനത്തിലെ എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനു അടുത്തുള്ള സ്റ്റേഷന്റെ പേരു മാറ്റുന്നു. ലിസി മെട്രോ സ്റ്റേഷന്‍ എന്ന പേര് മാറ്റി ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍ എന്നാക്കും. പുതിയ പേരിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ പേര് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റ് സ്റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനര്‍നാമകരണമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചത്.

Read more

ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇതു സംബന്ധിച്ച കെഎംആര്‍എല്‍ ബോര്‍ഡ് തീരുമാനം സര്‍ക്കാരിന്റെ അംഗീകാരത്തിനു നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പേരു മാറ്റുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്. മെട്രോ സ്റ്റേഷനുകളിലെ ബോര്‍ഡുകള്‍ മാറ്റുന്നതിനൊപ്പം നാളെ മുതലുള്ള അനൗണ്‍സ്‌മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ഉപയോഗിക്കും.