'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്'; പൗരത്വ ബില്ല് കേരളത്തില്‍ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അഭിനന്ദനം

ദേശീയ പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്‌സ്ബുക്കില്‍ അഭിന്ദനമറിയിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് “ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്” എന്ന് ലിജോ കുറിച്ചു. കേരളത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.