തൃശൂരില്‍ മിന്നല്‍ ചുഴലി; വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു, വീടുകള്‍ക്ക് നാശം

തൃശൂര്‍ നന്തിപുലം, മാഞ്ഞൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലി. നന്തിപുലത്ത് മുപ്ലിയം പാലത്തിനുസമീപം മരംവീണ് 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. നിരവധി വീടുകള്‍ക്ക് തകരാറ് സംഭവിച്ചു. മാഞ്ഞൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. വയനാട് ഒഴികെയുള്ള വടക്കന്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാദ്ധ്യത. മലയോരമേഖലകളില്‍ ജാഗ്രത തുടരണം. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും കോമോറിന്‍ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. ബംഗാള്‍ ഉല്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെയോടെ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും.