കൊല്ലത്ത് ലൈറ്റ് ആൻറ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻറ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്മഹത്യ ചെയ്തത്. 47 വയസ്സായിരുന്നു. സാമ്പത്തിക ബാദ്ധ്യത കാരണമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം കടബാദ്ധ്യത മൂലം സംസ്ഥാനത്ത് ഏഴ് ലൈറ്റ് ആന്റ് സൗണ്ട് ഉടമകളാണ് ജീവനൊടുക്കിയത്.

ഇന്നലെ രാവിലെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ലോക്ഡണിന് മുമ്പാണ് ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേരിലുള്ള വസ്തു പണയപ്പെടുത്തി സുമേഷ് ബാങ്ക് വായ്പ എടുത്ത് കല്ലു ലൈറ്റ് ആന്റ് സൗണ്ട്‌സ് തുടങ്ങിയത്.

ലോക്ക് ഡൗൺ വന്നതോടെ ഉത്സവങ്ങളും പൊതുപരിപാടികളും ഇല്ലാതായി. ഇതോടെ വായ്പ തിരിച്ചടക്കാനാകാത്ത സ്ഥിതിയായി. കടബാദ്ധ്യത രൂക്ഷമായതിനെ തുടര്‍ന്ന് സുമേഷ് ജീവനൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്.