സിഎംആർഎൽ-എക്സാലോജിക് കേസിൽ സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനയിലും അന്വേഷണം വേണമെന്ന് ജോൺ ബ്രിട്ടാസ് എം പി. നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ് വീണ എസ്എഫ്ഐഒക്ക് മുൻപിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
സംഭാവന ലഭിച്ചെന്ന് ഈ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. സംഭാവന വാങ്ങിയത് നിയമം പാലിച്ചാണോ എന്ന് വ്യക്തമാക്കണം. ഈ മന്ത്രിസഭയിലെ രണ്ട് പേർ പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
അതേസമയം മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാർ ആണ് ഇവർ.