നിയമസഭാ കൈയാങ്കളി കേസ്: പ്രതികള്‍ ഹാജരാകുന്നത് ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി

നിയമസഭാ കൈയാങ്കളിക്കേസില്‍ മന്ത്രി. വി. ശിവന്‍കുട്ടിക്ക് തിരിച്ചടി. കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി.

ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. 14ന് പ്രതികള്‍ വിചാരണ കോടതിയില്‍ ഹാജരാകണം. മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ അടക്കം ആറു പ്രതികളാണുള്ളത്.

കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസ് മാറ്റിവയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടിയും മറ്റ് പ്രതികളുമാണ് കോടതിയെ സമീപിച്ചത്.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു.

എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.