യു.ഡി.എഫിന്റെ ചരിത്രവിജയത്തിന് പിന്നില്‍ ഇടതുവോട്ടുകളിലെ കുത്തൊഴുക്ക്; 2014-നെ അപേക്ഷിച്ച് പാര്‍ട്ടിക്ക് നഷ്ടമായത് 11.5 ലക്ഷം, ബി.ജെ.പിയ്ക്കും വോട്ട് കൂടി

സാന്‍ കൈലാസ്

പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തികച്ചും അപ്രതീക്ഷിതമായി കേരളം യുഡിഎഫ് തൂത്തുവാരിയതിന് പിന്നില്‍ സിപിഎം വോട്ടുകളുടെ കുത്തൊഴുക്ക്. 20 ലോക്‌സഭാ മണ്ഡലങ്ങളിലും സിപിഎം വോട്ടില്‍ വന്‍ ചോര്‍ച്ചയാണുണ്ടായത്. സിപിഎമ്മിന്‍റെ കോട്ടയായ ആറ്റിങ്ങലടക്കം 2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും 11 ശതമാനം വരെ പാര്‍ട്ടി വോട്ടുകളില്‍ ഇടിവ് വന്നിട്ടുണ്ട്.

2014 നെ അപേക്ഷിച്ച് ഇക്കുറി ഇടത് വോട്ടുകളിലുണ്ടായ ചോര്‍ച്ച ഏകദേശം 11.5 ലക്ഷമാണ്. നോട്ട് നിരോധനം, ജി എസിടി, വന്‍തോതിലുള്ള തൊഴില്‍ നഷ്ടം, കാര്‍ഷികത്തകര്‍ച്ച എന്നിങ്ങനെ കേന്ദ്രത്തിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ട തിരഞ്ഞെടുപ്പില്‍ ഇത്രയധികം വോട്ട് ചോര്‍ന്നത് ഇടത് പാളയത്തില്‍ വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വെയ്ക്കും. ശബരിമല അടക്കമുളള വിഷയങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. പ്രളയം കൈകാര്യം ചെയ്ത രീതികളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ വഴിയും മറ്റും സംഘപരിവാര്‍ നടത്തിയ ആരോപണങ്ങളെ വേണ്ടവിധം പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടപ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ യുഡിഎഫ് ആയി മാറുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം യുഡിഎഫിന് പത്തനംതിട്ട ഒഴികെ എല്ലാ മണ്ഡലത്തിലും വോട്ട് വിഹിതത്തില്‍ വര്‍ദ്ധ നയുണ്ട്. യുഡിഎഫ് വോട്ട് ഏറ്റവുമധികം വര്‍ദ്ധിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്. വര്‍ദ്ധന 14 ശതമാനം. പത്തനംതിട്ടയില്‍ യു ഡി എഫിന് മൂന്ന് ശതമാനത്തിന്റെ കുറവാണുള്ളത്. കണ്ണൂരും വടകരയും കോഴിക്കോടുമടക്കം പത്തോളം മണ്ഡലങ്ങളില്‍ ആറ് ശതമാനത്തിന്റെ വര്‍ദ്ധനയാണ് യുഡിഎഫ് വോട്ടുകളില്‍ രേഖപ്പെടുത്തിയത്.

മാവേലിക്കരയില്‍ വോട്ട് ശതമാനത്തില്‍ കാര്യമായ മാറ്റമില്ല. അതേസമയം ശബരിമല വിഷയവും പ്രളയവുമടക്കം തിരഞ്ഞെടുപ്പ് വിഷയമാക്കിയ ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല എന്ന ആശ്വാസം ഇരുമുന്നണികള്‍ക്കുമുണ്ട്. എന്നാല്‍ വോട്ട് വിഹിതത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ ഒഴികെ ബിജെപി വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. വടകരയിലും ആലത്തൂരും ഏതാണ്ട് അര ശതമാനത്തിന്റെ കുറവാണ് ബിജെപി വോട്ടുകള്‍ക്കുണ്ടായത്. അതേസമയം 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആലപ്പുഴ മണ്ഡലത്തിന്റെ വോട്ട് വിഹിതത്തിന്റെ വളര്‍ച്ച 13 ശതമാനമാണ്.